ആധാര്‍ ഇല്ലെങ്കില്‍ ഇനി പാസ്‌പോര്‍ട്ടുമില്ല, ക്രിമിനല്‍ റെക്കോര്‍ഡ് കണ്ടെത്താന്‍ പുതിയ മാര്‍ഗം

പാസ്‌പോര്‍ട്ട് എടുക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. പൊലീസ് പരിശോധന ഒഴിവാക്കി ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കാനാണ് വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം. ഈമാസം അവസാനത്തോടെ ഇതുസംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കും. പാസ്‌പോര്‍ട്ട് കിട്ടാനുള്ള കാലതാമസത്തെകുറിച്ച് നിരവധി പരാതികള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പാസ്‌പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ പാസ്‌പോര്‍ട്ട് കിട്ടാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത്.
ആധാര്‍ കാര്‍ഡോ, ആധാര്‍ രജിസ്‌ട്രേഷന്‍ നമ്പറോ ഉണ്ടെങ്കില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം. പൗരത്വം, ക്രിമിനല്‍ പശ്ചാത്തലം തുടങ്ങി എല്ലാ കാര്യങ്ങളും സ്വയം സാക്ഷ്യപ്പെടുത്തി നല്‍കുന്ന അപേക്ഷയില്‍ നല്‍കണം. പരിശോധനയ്ക്ക് അധികാരമുള്ള പൊലീസ് സ്‌റ്റേഷന്റെ പേരും വ്യക്തമാക്കണം. അപേക്ഷിച്ച വ്യക്തിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെങ്കില്‍ കണ്ടെത്താന്‍ പൊലീസ് വേരിഫിക്കേഷന് പകരം പുതിയ സംവിധാനം ഏര്‍പ്പെടുത്തും. ഈ സംവിധാനം ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ രണ്ടു മാസത്തിനകം കൊണ്ടുവരും. ആധാര്‍കാര്‍ഡിലെ വിവരങ്ങളും ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടും പരിശോധിച്ച ശേഷം പാസ്‌പോര്‍ട്ട് നല്‍കും. അപേക്ഷയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വ്യാജമാണെങ്കില്‍ പാസ്‌പോര്‍ട്ട് റദ്ദാക്കും.
ആഭ്യന്തരമന്ത്രാലയം, നിയമമന്ത്രാലയം ഇന്റലിജന്‍സ് ബ്യൂറോ എന്നിവയുമായി കൂടിയാലോചിച്ച ശേഷമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നീക്കം. ഈമാസം അവസാനത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. പാചകവാതക സബ്‌സിഡി, ഇന്‍ഷുറന്‍സ് പരിരക്ഷയോടെ ബാങ്ക് അക്കൗണ്ട് നല്‍കുന്ന ജനധന്‍ യോജന എന്നിവയിലൊക്കെ എന്‍ഡിഎ സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധിമാക്കിയിരുന്നു. ആധാറിന്റെ കാര്യത്തില്‍ യുപിഎ സര്‍ക്കാരിന്റെ അതേപാതയിലാണ് എന്‍ഡിഎയെന്നാണ് പാസ്‌പോര്‍ട്ടിന് ആധാര്‍ നിര്‍ബന്ധമാക്കുന്ന നടപടിയില്‍ നിന്ന് വ്യക്തമാകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























