തങ്ങൾക്ക് ആക്രമണത്തിൽ പങ്കില്ലെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി പാകിസ്ഥാൻ വാർത്താ കുറിപ്പ് ; ഭീകരര്‍ക്കുള്ള പിന്തുണ നിര്‍ത്താന്‍ തയ്യാറാകണമെന്ന് പാകിസ്ഥാനോട് വിദേശകാര്യ മന്ത്രാലയം അറിയിച്ചു; പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

പുൽവാമയിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ തങ്ങൾക്ക് ആക്രമണത്തിൽ പങ്കില്ലെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി പാകിസ്ഥാൻ വാർത്താ കുറിപ്പ് ഇറക്കി. എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്ന പാകിസ്ഥാൻ നിലപാട് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്ക് തള്ളി. ഭീകരാക്രമണത്തിൽ പങ്കില്ലെന്ന പാകിസ്ഥാൻ വാദം അസംബന്ധമാണ്. ആക്രമണം നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാനിൽ തീവ്രവാദികൾ തുറന്ന വെല്ലുവിളിയുമായി പ്രകടനം നടത്തിയിരുന്നു. പാക്കിസ്ഥാന്‍റെ നിരാശയിൽ നിന്നാണ് ഇത്തരമൊരു ഹീനമായ ആക്രമണമുണ്ടായിരിക്കുന്നതെന്നും സത്യപാൽ മാലിക് പറഞ്ഞു.
അതേസമയം പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇതുബിവരെയും പ്രതികരിച്ചില്ല. വെള്ളിയാഴ്ച വൈകുന്നേരം ആയിരുന്നു ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് വരികയായിരുന്ന സി ആർ പി എഫിന്‍റെ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം ഉണ്ടായത്. വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 41 സി ആർ പി എഫ് ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു. എന്നാൽ, ഭീകരാക്രമണം കഴിഞ്ഞ് 12 മണിക്കൂർ പിന്നിട്ടിട്ടും സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി തയ്യാറായിട്ടില്ല.
അതേസമയം, പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ ഫേസ്ബുക്ക് പേജിൽ അതിരൂക്ഷമായ പ്രതികരണമാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ എത്തിയത്. ഇപ്പോൾ നടത്തിയിരിക്കുന്ന ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകുമെന്നു തന്നെയാണ് മിക്ക കമന്റുകളുടെയും ഉള്ളടക്കം. ഔദ്യോഗിക പേജിൽ പാകിസ്ഥാൻ സർക്കാരിന്‍റെ ഔദ്യോഗിക പരിപാടിയുടെ ഫോട്ടോ പങ്കുവെച്ചതിനു താഴെയാണ് ഭൂരിഭാഗം കമന്‍റുകളും എത്തിയത്.
ഭീകരര്‍ക്കുള്ള പിന്തുണ നിര്‍ത്താന്‍ തയ്യാറാകണമെന്ന് പാകിസ്ഥാനോട് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചര്‍ച്ച നടത്തി.
ആഭ്യന്തരമന്ത്രി ഐബി, റോ മേധാവികളുമായി കൂടികാഴ്ച നടത്തി. ആഭ്യന്തരസെക്രട്ടറി രാജീവ് ഗൗബ ഭൂട്ടാന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ തെക്കന്‍ കശ്മീരിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ശ്രീനഗര്‍ ജില്ലയില്‍ ഇന്റര്‍നെറ്റ് 2ജി ആയും പരിമിതപ്പെടുത്തി.
എന്‍ഐഎ അന്വേഷണം ആരംഭിച്ചു. എന്‍ഐഎയുടെ 12 അംഗസംഘം ഇന്ന് രാവിലെ സംഭവ സ്ഥലത്ത് എത്തി. ഫൊറന്‍സിക് വിദഗ്ധരും സംഘത്തിലുണ്ടാകും. ആക്രമണത്തിന് പിന്നില്‍ വിദേശ പങ്കുണ്ടോയെന്നതും പരിശോധിക്കും. എന്‍എസ്ജിയിലെ സ്‌ഫോടകവസ്തു വിദഗ്ധരും ഇന്ന് പരിശോധനയ്‌ക്കെത്തുന്നുണ്ട്.
രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 41 സൈനികരാണ് പുൽവാമയിൽ വീരമൃത്യു വരിച്ചത്. ധീവ ജവാൻമാരുടെ ഭീകരാക്രമണത്തിന് എതിരെ തിരിച്ചടി നൽകാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രി സഭയുടെ സുരക്ഷായോഗം തുടങ്ങി. ഭീകരരെ കണ്ടെത്താൻ 15 ഗ്രാമങ്ങൾ സൈന്യം വളഞ്ഞു.
പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്കയും രംഗത്ത് വന്നു. ഭീകരവാദികൾക്ക് സഹായം നല്കുന്ന പാകിസ്ഥാൻ നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് എന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha