ഗാന്ധിവധം പുനരാവിഷ്‌കരിച്ചവരെ ഭഗവത്ഗീതയും വാളും നല്‍കി ആദരിച്ച് ഹിന്ദു മഹാസഭ; ഹിന്ദു മഹാസഭയുടെ നടപടിക്കെതിരെ വൻ പ്രതിഷേധം

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രൂപത്തിന് നേരെ അദ്ദേഹത്തിന്റെ സമാധി ദിനത്തില്‍ വെടിയുതിര്‍ത്ത സംഭവത്തിന്റെ വിവാദത്തീ കെടുന്നതിന് മുന്‍പ് തന്നെ രണ്ടാം വിവാദവും ഉടലെടുക്കുകയാണ്. ഗാന്ധിവധം പുനരാവിഷ്‌കരിച്ചവരെ ഹിന്ദു മഹാസഭയുടെ പരിപാടിയില്‍ ഭഗവത്ഗീതയും വാളും നല്‍കി ആദരിച്ചതിനെതിരെയാണ് പ്രതിഷേധം. ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് ചന്ദ്ര പ്രകാശ് കൗശികാണ് ദേശീയ സെക്രട്ടറിയായ പൂജാ പാണ്ഡേയ്ക്ക് വാളും ഭഗവത്ഗീതയും നല്‍കി ആദരിച്ചത്. സംഭവത്തില്‍ പൂജ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സംഭവത്തെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നുമാണ് പരിപാടിയില്‍ കൗശിക് അഭിപ്രായപ്പെട്ടത്.
ഇക്കഴിഞ്ഞ ഗാന്ധിസമാധി ദിനത്തില്‍ ഗാന്ധിവധം പുനരാവിഷ്‌കരിച്ച 30 പ്രവര്‍ത്തകരെയാണ് ഹിന്ദു മഹാസഭയുടെ പരിപാടിയില്‍ ആദരിച്ചത്. അലിഗഢില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ പ്രതിരൂപത്തില്‍ വെടിയുതിര്‍ത്തത്. വെടിയേറ്റ് ചോരയൊഴുകുന്നതും പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനു ശേഷം ഗോഡ്‌സെയുടെ പ്രതിമയില്‍ പൂമാലയിടുകയും , മധുരം വിതരണം ചെയ്യുകയും ചെയ്തിരുന്നു.
സംഭവത്തിന് പിന്നാലെ രാജ്യത്ത് പ്രതിഷേധം ശക്തമാവുകയും ഏറ്റവും നിന്ദ്യവും പ്രകോപനപരവുമായ നടപടിയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്തില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് വാര്‍ത്ത കുറിപ്പില്‍ കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു. ചടങ്ങിന് ശേഷം ഒളിവിലായിരുന്ന പൂജ ശകുന്‍ പാണ്ഡെയും ഭര്‍ത്താവ് അശോക് പാണ്ഡെയും ഈ മാസം ആദ്യം പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തിരുന്നു. പരിപാടിക്ക് അശോകം നേതൃത്വം നല്‍കിയിരുന്നു. ഇരുവര്‍ക്കും കോടതി ജാമ്യം നല്‍കിയതിനു പിന്നാലെയാണ് പുതിയ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























