വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരമായി ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരമായി ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. സ്മാരക സ്തംഭത്തിലെ കെടാവിളക്ക് തെളിയിച്ചാണ് പ്രധാനമന്ത്രി സ്മാരകം തുറന്നത്. ന്യൂഡല്‍ഹിയില്‍ ഇന്ത്യാഗേറ്റിന് സമീപം 40 ഏക്കറിലാണ് സ്മാരകം. സ്വാതന്ത്ര്യാനന്തരം യുദ്ധത്തിലും മറ്റുമായി വീരമൃത്യുവരിച്ച 25,942 ജവാന്മാരുടെ പേരുകളും അവരുടെ റാങ്കും റെജിമെന്റും മെമ്മോറിയലിലെ 16 ചുമരുകളിലായി കൊത്തിവച്ചിട്ടുണ്ട്.
പൗരാണിക സൈനിക വിന്യാസമായ ചക്രവ്യൂഹ മാതൃകയില്‍ അമര്‍ ചക്ര, വീരത ചക്ര, ത്യാഗ ചക്ര, രക്ഷക് ചക്ര എന്നിങ്ങനെ നാലു വൃത്തങ്ങളായാണ് രൂപകല്‍പ്പന. പരംവീരയോദ്ധാസ്ഥലില്‍ പരംവീര ചക്ര ലഭിച്ച 21 പേരുടെ അര്‍ദ്ധകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.
176 കോടി ചെലവിട്ടാണ് സ്മാരകം നിര്‍മ്മിച്ചിരിക്കുന്നത്. 250 പേര്‍ക്ക് ഒരേസമയം സന്ദര്‍ശനം നടത്താം. 2015ലാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കിയത്.സ്മാരകം രാജ്യത്തിന് സമര്‍പ്പിച്ചശേഷം സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡി മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ചു. യുദ്ധസ്മാരകമുണ്ടാക്കാതെ മുന്‍സര്‍ക്കാരുകള്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തോട് അനീതിയാണ് കാണിച്ചതെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























