ദേശീയ യുദ്ധസ്മാരകത്തിന്റെ ഉദ്ഘാടനവേദിയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി, യുപിഎ കാലത്തെ പ്രതിരോധ ഇടപാടുകളെല്ലാം അഴിമതിക്കറ പുരണ്ടതാണെന്നും കോണ്‍ഗ്രസിനെല്ലാം കുടുംബമാണെന്നും മോദി കുറ്റപ്പെടുത്തി

ദേശീയ യുദ്ധസ്മാരകത്തിന്റെ ഉദ്ഘാടനവേദിയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി. കോണ്‍ഗ്രസ് രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തു. യുപിഎ കാലത്തെ പ്രതിരോധ ഇടപാടുകളെല്ലാം അഴിമതിക്കറ പുരണ്ടതാണെന്നും കോണ്‍ഗ്രസിനെല്ലാം കുടുംബമാണെന്നും മോദി കുറ്റപ്പെടുത്തി. ദേശീയ യുദ്ധസ്മാരകം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികരുടെ സ്മരണക്കായി ഇന്ത്യാഗേറ്റിന് സമീപമാണ് ദേശീയ യുദ്ധസ്മാരകം നിര്‍മിച്ചിരിക്കുന്നത്. വിരമിച്ച ജവാന്‍മാരെ അഭിസംബോധനചെയ്യുന്നതിനിടെയാണ് കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ആക്രമണം. എല്ലാ പ്രതിരോധ ഇടപാടുകളിലും കോണ്‍ഗ്രസ് പ്രതിസ്ഥാനത്താണ്. കോണ്‍ഗ്രസിന് വലുത് കുടുംബമാണ്. പക്ഷെ തനിക്ക് എല്ലാം രാജ്യമാണ്.
ആര്‍മിയെ സ്വയാശ്രയത്വമുള്ളതാക്കി മാറ്റാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അസാധ്യമെന്ന് കരുതിയിരുന്ന കാര്യങ്ങള്‍ സാധ്യമാക്കി. നിരവധി സൈനികരുടെ ജീവത്യാഗം കാരണമാണ് ലോകത്തിലെ മികച്ച ആര്‍മികളിലൊന്നായി ഇന്ത്യന്‍ ആര്‍മി നിലനില്‍ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുദ്ധസ്മാരകത്തിന്റെ ഉ്ഘാടന ചടങ്ങിലും കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ വിമര്‍ശനം പ്രധാനമന്ത്രി മറന്നില്ല. ബോഫോഴ്‌സ് ഇടപാട് മുതല്‍ ഹെലികോപ്റ്റര്‍ ഇടപാട് വരെ എല്ലാ അന്വേഷണങ്ങളും നീളുന്നത് ഒരു കുടുംബത്തിന് നേര്‍ക്കാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. റഫാല്‍ വിമാനങ്ങള്‍ രാജ്യത്തിന് ലഭിക്കാതിരിക്കാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
പ്രഥമ പരിഗണന ഇന്ത്യയ്‌ക്കോ കുടുംബത്തിനോ എന്ന് ചോദിച്ച പ്രധാനമന്ത്രി ബി.ജെ.പി അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള മുന്‍ സര്‍ക്കാരുകളുടെ കുറ്റകരമായ അനാസ്ഥ കാരണമാണ് സായുധ സേനകള്‍ക്കും ദേശീയ സുരക്ഷയ്ക്കും ഏറെ നഷ്ടം സഹിക്കേണ്ടി വന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. സായുധ സേനകളെ ശക്തിപ്പെടുത്താന്‍ പതിറ്റാണ്ടുകളായി തീരുമാനമാകാതിരുന്ന കാര്യങ്ങളില്‍ തീരുമാനമെടുത്തു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പിലാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്തേക്കു വരാതിരിക്കാനാണ് ഇപ്പോള്‍ ഇവര്‍ ശ്രമിക്കുന്നത്. ഇത്തരം ആരോപണങ്ങളെല്ലാമുണ്ടെങ്കിലും ഇന്ത്യയുടെ ആകാശത്ത് റഫാല്‍ വിമാനങ്ങള്‍ പറക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍ ദേശീയ യുദ്ധ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മുന്‍ സൈനികരോടു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. യുദ്ധസ്മാരകം നിര്‍മിക്കുന്നതില്‍ മുന്‍ സര്‍ക്കാരുകള്‍ വീഴ്ച വരുത്തിയതായും പ്രധാനമന്ത്രി ആരോപിച്ചു.
രാജ്യത്തെ ധീരസൈനികരെ ആദരിക്കുന്നതിനുള്ള പദ്ധതിയില്‍ മുന്‍ സര്‍ക്കാരുകള്‍ വീഴ്ച്ച വരുത്തി. കഴിഞ്ഞ ദശാബ്ദത്തില്‍ യുദ്ധ സ്മാരകത്തിനു വേണ്ടി ഒന്നോ, രണ്ടോ ശ്രമങ്ങള്‍ മാത്രമാണ് ഉണ്ടായത്. എന്നാല്‍ പദ്ധതി മുന്നോട്ടു പോയില്ല. എല്ലാവരുടെയും അനുഗ്രഹത്തോടെ 2014ല്‍ ഞങ്ങള്‍ സ്മാരകത്തിന്റെ ജോലി തുടങ്ങി, ഇപ്പോള്‍ പൂര്‍ത്തിയാക്കി പ്രധാനമന്ത്രി പറഞ്ഞു. സൈനിക ക്ഷേമത്തിനു വേണ്ടി എന്‍ഡിഎ സര്‍ക്കാരാണു നടപടികള്‍ സ്വീകരിച്ചത്. ദേശീയ യുദ്ധസ്മാരകത്തിന്റെ ജോലികളില്‍ മുന്‍ സര്‍ക്കാരുകള്‍ വീഴ്ച വരുത്തിയതു സൈനികരുടെ കുടുംബങ്ങളോടുള്ള അനീതിയാണ്. രാജ്യസുരക്ഷയ്ക്ക് എല്ലാ വിഭാഗങ്ങളുടെയും സംഭാവനകള്‍ അനിവാര്യമാണ്. ഈ ആശയത്തിന്റെ ഭാഗമായാണു വനിതകള്‍ പോര്‍ വിമാനങ്ങളുടെ പൈലറ്റായത്.
2009 ല്‍ 1,86,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളാണ് സുരക്ഷാ സേനകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 2009 മുതല്‍ 2014വരെ ഇതിനായുള്ള നടപടികളൊന്നും സ്വീകരിച്ചില്ല. എന്‍ഡിഎ സര്‍ക്കാര്‍ 2,30,000 ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകളാണു സൈന്യത്തിനായി വാങ്ങിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഗേറ്റ് കോംപ്ലക്‌സില്‍ 40 ഏക്കറിലാണ് ദേശീയ യുദ്ധസ്മാരകം നിര്‍മിച്ചിരിക്കുന്നത്. 176 കോടി രൂപയാണു മുതല്‍ മുടക്ക്. രാജ്യാന്തര തലത്തില്‍ മല്‍സരം സംഘടിപ്പിച്ചാണു സ്മാരകത്തിന്റെ മാതൃക തിരഞ്ഞെടുത്തത്.
"
https://www.facebook.com/Malayalivartha
























