ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ അഞ്ചുദിവസമായി തുടരുന്ന കാട്ടുതീ അണക്കാന്‍ ഊര്‍ജിത ശ്രമം തുടരുന്നു

ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ അഞ്ചുദിവസമായി തുടരുന്ന കാട്ടുതീ അണക്കാന്‍ ഊര്‍ജിത ശ്രമം തുടരുന്നു. തിങ്കളാഴ്ച വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറിന്റെ സഹായത്തോടെ ഹിമവല്‍ ഗോപാല്‍സ്വാമി ബേട്ട മേഖലയിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബന്ദിപ്പൂര്‍ വനമേഖലയില്‍ തീ നിയന്ത്രിക്കാന്‍ സാധിക്കാതായതോടെ മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനപ്രകാരമാണ് വ്യോമസേനയുടെ സുലൂര്‍ ക്യാമ്പില്‍നിന്ന് രണ്ട് ഹെലികോപ്ടറുകള്‍ എത്തിയത്. മദ്ദുര്‍ റേഞ്ചിലെ ഹിരിക്കരെയിലെ ഡാമില്‍നിന്ന് വെള്ളം ശേഖരിച്ച ശേഷം കാരടിക്കല്‍, ചമ്മനഹള്ള മേഖലകളിലെ തീകെടുത്തുകയായിരുന്നു.
തുടര്‍ന്ന് ബെലഗുഡ്ഡ, കനിവെ ക്ഷേത്ര പരിസരത്തും തീ പടരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചു. ഇരുട്ടിയതോടെ ആദ്യദിനത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച ഹെലികോപ്ടറുകള്‍ ചൊവ്വാഴ്ച രാവിലെ വീണ്ടും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങും. തിങ്കളാഴ്ച ഏകദേശം 30,000 ലിറ്റര്‍ വെള്ളം പമ്പ് ചെയ്തതായി വ്യോമസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.സാധാരണ മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗത്തില്‍ മാത്രം കാറ്റുവീശുന്ന ഈ വനമേഖലയില്‍ ഇപ്പോള്‍ മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
തിങ്കളാഴ്ചയോടെ കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ബന്ദിപ്പൂര്‍ മേഖലയില്‍ എത്തി. വിവിധ ഭാഗങ്ങളിലായി 600ഓളം പേര്‍ വനംവകുപ്പ്, അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥര്‍ക്കൊപ്പം സേവനത്തില്‍ പങ്കാളികളായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ കുപ്പിവെള്ളവും മറ്റു സഹായങ്ങളും എത്തിച്ചുനല്‍കാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വനംവകുപ്പ് ആഹ്വാനംചെയ്തു. സഹായവസ്തുക്കള്‍ മൈസൂരു മൃഗശാല പരിസരത്ത് എത്തിക്കണമെന്ന് അവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























