അശ്വിനെ മറികടന്ന് ആ റെക്കോഡ് ബുംറയ്ക്ക് സ്വാന്തമാക്കാൻ ഇനി വേണ്ടത് രണ്ട് വിക്കറ്റ് മാത്രം

ഡെത്ത് ഓവറുകളില്‍ ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയേക്കാള്‍ വിശ്വസിക്കാവുന്ന ഒരു ബൗളര്‍ ഇന്ന് ലോക ക്രിക്കറ്റില്‍ ഉണ്ടോ എന്നത് സംശയമുണ്ടാക്കുന്ന കാര്യമാണ്. ഡെത്ത് ഓവറുകളില്‍ ബുംറ പുലര്‍ത്തുന്ന മികവു തന്നെയാണ് അതിനു കാരണം.
ഓസീസിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ബുംറയെറിഞ്ഞ 19-ാം ഓവറാണ് ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ സമ്മാനിച്ചത്. ആ ഓവറില്‍ വെറും രണ്ടു റണ്‍സ് മാത്രം വഴങ്ങിയ ബുംറ രണ്ടു വിക്കറ്റും വീഴ്ത്തിയിരുന്നു. എന്നാല്‍ അവസാന ഓവറില്‍ പക്ഷേ ഉമേഷ് യാദവിന് ആ മികവ് ആവര്‍ത്തിക്കാനായില്ല. ഫലമോ? ഇന്ത്യ മൂന്നു വിക്കറ്റിന് മത്സരം തോറ്റു.
ഇപ്പോഴിതാ ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി 50 വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബുംറ. ഏറ്റവും വേഗത്തില്‍ ട്വന്റി 20-യില്‍ 50 വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ പാക് ബൗളര്‍ മുഹമ്മദ് ആമിറിനൊപ്പം മൂന്നാം സ്ഥാനം പങ്കിടാനും ബുംറയ്ക്കായി.
ഓസീസിനെതിരായ മത്സരത്തില്‍ വെറും 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയതോടെ ബുംറയുടെ വിക്കറ്റ് നേട്ടം 51-ല്‍ എത്തി. 41 മത്സരങ്ങളില്‍ നിന്നാണ് ബുംറയുടെ ഈ നേട്ടം. 46 മത്സരങ്ങളില്‍ നിന്ന് 52 വിക്കറ്റെടുത്ത രവിചന്ദ്രന്‍ അശ്വിനാണ് ഈ പട്ടികയില്‍ ഒന്നാമത്.
അശ്വിനെ മറികടന്ന് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാകാനൊരുങ്ങുകയാണ് ബുംറ. അതിന് ഇനി വേണ്ടത് രണ്ട് വിക്കറ്റ് മാത്രം. ബുധനാഴ്ച ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്റി 20-യില്‍ ഒരു പക്ഷേ അശ്വിനെ മറികടന്ന് ബുംറ ഈ നേട്ടം സ്വന്തമാക്കിയേക്കും.ട്വന്റി 20-യിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പന്‍ പാകിസ്താന്റെ ഷാഹിദ് അഫ്രീദിയാണ്. 98 വിക്കറ്റുകളാണ് അഫ്രീദിയുടെ സമ്പാദ്യം.
https://www.facebook.com/Malayalivartha























