പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ പാക്ഭീകരകേന്ദ്രങ്ങള്‍ക്ക് നേരേ നടത്തിയ മിസൈലാക്രമണത്തിന്‍റെ ചുക്കാന്‍ പിടിച്ചത് ചെങ്ങന്നൂരുകാരനായ എയര്‍ മാര്‍ഷല്‍ ചന്ദ്രശേഖരന്‍ ഹരികുമാർ:- ഒളിപ്പോരു നടത്തിയിരുന്ന പാകിസ്താന്റെ അഹന്ത അവസാനിപ്പിക്കാന്‍ വ്യോമസേനയ്ക്ക് വേണ്ടിവന്നത് വെറും 20 മിനിറ്റ്

പുല്‍വാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ ജീവത്യാഗത്തിന്ന് പാകിസ്താനോട് ഇന്ത്യ പകരം വീട്ടിയത് പുല്‍വാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ടാംനാളായിരുന്നു. പാക് അതിര്‍ത്തികള്‍ കടന്ന് മുന്നേറിയ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ ജയ്ഷെ മുഹമ്മദ് ഉള്‍പ്പടേയുള്ള ഭീകരസംഘടനകളുടെ താവളങ്ങളില്‍ ശക്തമായ ബോംബിങ് നടത്തി. ചൊവ്വാഴ്ച്ച പുലര്‍ച്ചെ മുന്നേമൂക്കാലിന് തുടങ്ങിയ ആക്രണണം 21 മിനുട്ടിനകം അവസാനിച്ചു.
പാകിസ്താനിലെ ബാലക്കോട്ട്, പക്ക് അധീന കശ്മീരിലെ മുസഫറാബാദ്, ചകോഠി എന്നിവിടങ്ങളിലായിരുന്നു വ്യോമസേന ആക്രമണം നടത്തിയത്. ഇന്ത്യ നടത്തിയ മിസൈലാക്രമണത്തിന്‍റെ ചുക്കാന്‍ പിടിച്ചത് മലയാളിയായിരുന്നു. ചെങ്ങന്നൂര്‍ പാണ്ടനാട് വന്മഴി സ്വദേശിയായ എയര്‍ മാര്‍ഷല്‍ ചന്ദ്രശേഖരന്‍ ഹരികുമാര്‍ നേതൃത്വം നല്‍കുന്ന പടിഞ്ഞാറന്‍ എയര്‍ കമാന്‍ഡ് ആണ് അതിര്‍ത്തി കടന്നുള്ള ആക്രമണ പദ്ധതി ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പാക്കിയത്.
ഒളിപ്പോരു നടത്തിയിരുന്ന പാകിസ്താന്റെ അഹന്ത അവസാനിപ്പിക്കാന്‍ വ്യോമസേനയ്ക്ക് വേണ്ടിവന്നത് 20 മിനിറ്റ്. അതിനു പിന്നിലെ ആസൂത്രണം 200 മണിക്കൂറുകളുടേതുമായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പിന്തുണ അറിയിച്ചതിന് പിന്നാലെ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള വ്യോമസേനാ വിഭാഗം തയ്യാറെടുപ്പ് തുടങ്ങി. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം സൂക്ഷ്മ വ്യോമ മിസൈലാക്രമണം നടത്താന്‍ കെല്‍പുള്ള സ്‌ട്രൈക്ക് പൈലറ്റുമാരെ നിയോഗിച്ചത്. വ്യോമസേനയുടെ ഒന്നാം സ്‌ക്വാഡ്രനായ െടെഗേഴ്‌സ്, ഏഴാം സ്‌ക്വാഡ്രനായ ബാറ്റില്‍ ആക്‌സസ് എന്നിവരെയാണു ദൗത്യമേല്‍പ്പിച്ചത്.
\നിയന്ത്രണരേഖ കടക്കാനുള്ള 12 മിറാഷുകള്‍ ഇവരാണു സജ്ജമാക്കിയത്. 24-ന് അവാക്‌സ് റഡാര്‍ നിരീക്ഷണവിമാനവും പോര്‍വിമാനങ്ങളില്‍ ആകാശമധ്യേ ഇന്ധനം നിറയ്ക്കാനുള്ള ടാങ്കര്‍ വിമാനവും ആഗ്ര വരെ പറപ്പിച്ച് ട്രയല്‍ റണ്‍. ഇന്നലെ പുലര്‍ച്ചെ 3.45. മൂന്നു വ്യോമതാവളങ്ങളില്‍നിന്ന് ഒരേസമയം വിമാനങ്ങള്‍ കുതിച്ചുയര്‍ന്നു. ഇസ്രയേല്‍ നിര്‍മിത ലേസര്‍ ഗൈഡഡ് മിെസെലുകളില്‍ ഘടിപ്പിച്ച ബോംബുകളുമായി മധ്യപ്രദേശിലെ മഹാരാജാപുരില്‍നിന്ന് 12 മിറാഷുകള്‍. ഹരിയാനയിലെ സിര്‍സയില്‍നിന്നും ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുമായി 16 സുഖോയ് വിമാനങ്ങള്‍.
പിന്നെ, ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാനുള്ള ടാങ്കര്‍ വിമാനം ആഗ്രയില്‍നിന്നും ഇസ്രയേല്‍ നിര്‍മിത ഹെറോണ്‍ നിരീക്ഷണ ഡ്രോണ്‍ രഹസ്യകേന്ദ്രത്തില്‍നിന്നും റഡാര്‍ സിഗ്നലുകള്‍ പിടിച്ചെടുക്കാനും അതിര്‍ത്തിക്കപ്പുറം 450 കി.മീ. വരെ നിരീക്ഷിക്കാനും കഴിയുന്ന അവാക്‌സ് ''നേത്ര'' വിമാനം പഞ്ചാബിലെ ഭട്ടിന്‍ഡയില്‍നിന്നുമുയര്‍ന്നു. ഒരേ സമയം മൂന്നിടങ്ങളില്‍നിന്നു പോര്‍വിമാനങ്ങള്‍ ഉയര്‍ന്നതോടെ പാക് നിരീക്ഷണം പാളി. പാകിസ്താനെ ആശയക്കുഴപ്പത്തിലാക്കിയശേഷം സുഖോയികള്‍ തിരികെപ്പറന്നു.
ന്യൂ ഡല്‍ഹിയിലെ നാഷണന്‍ ഡിഫന്‍സ് കോളേജിലും, ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജിലും, രാഷ്ട്രീയ ഇന്ത്യന്‍ മിലറ്ററി കോളേജിലുമായിരുന്നു ഹരികുമാറിന്റെ വിദ്യാഭ്യാസം. എയര്‍ മാര്‍ഷല്‍ ഷിരീഷ് ബബന്‍ ഡിയോ വൈസ് ചീഫായി സ്ഥാനമേറ്റപ്പോള്‍ 2017 ജനുവരി ഒന്നിനാണ് വെസ്‌റ്റേണ്‍ എയര്‍ കമാര്‍ഡ് ചുമതലയിലേക്ക് ഹരികുമാര്‍ എത്തുന്നത്. എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് സി ഹരികുമാര്‍, വ്യോമസേനയുടെ പല പ്രധാനപ്പെട്ട ഓപ്പറേഷനുകളിലും പങ്കാളിയായിട്ടുണ്ട്. 1979 ഡിസംബര്‍ 14നാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഫൈറ്റര്‍ സ്ട്രീമില്‍ പങ്കാളിയായത്. 3300 മണിക്കൂറുകള്‍ പറന്നാണ് ഹരികുമാര്‍ ഫ്‌ളൈയിംഗ് ഇന്‍സ്ട്രക്ടറായി യോഗ്യത നേടിയത്.
ഇതുവരെയുള്ള സേവനകാലത്ത് ഇദ്ദേഹം നിരവധി ഓപ്പറേഷനുകളില്‍ പങ്കാളികളാവുകയും മിഗ്-21 യുദ്ധവിമാനത്തിന്റെ നേതൃത്വവും, ആദ്യ നിര യുദ്ധവിമാനങ്ങളുടെ നേതൃത്വവും, യുദ്ധവിമാന പരിശീലന വിഭാഗത്തിന്റെ സൗത്ത് -വെസ്റ്റ് എയര്‍ കമാന്‍ഡാവുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫുമായിരുന്നു ഹരികുമാര്‍.
ഹരികുമാറിന്റെ സേവനങ്ങള്‍ക്ക് രാജ്യം ആദരിച്ചത് സമാധാന കാലത്തെ മികച്ച സേവനത്തിനുള്ള പരം വിശിഷ്ട സേവാ മെഡലും (2018 ജനുവരി), അധി വിശ്ഷ്ട സേവാ മെഡല്‍ (2016 ജനുവരി), വിശിഷ്ട സേവാ മെഡല്‍ (2015 ജനുവരി), വായു സേന മെഡല്‍ (2011 ജനുവരി) തുടങ്ങിയവ നല്‍കി കൊണ്ടാണ്. പാകിസ്താനുമായുള്ള ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ വ്യോമസുരക്ഷാ ചുമതല ഡല്‍ഹി ആസ്ഥാനമായുള്ള കമാന്‍ഡിനാണ്.
https://www.facebook.com/Malayalivartha























