അറിയില്ലെന്ന് രണ്ട് പേര്‍, കിട്ടിയില്ലെന്ന് രാഷ്ട്രപതിഭവന്‍; സൈന്യത്തെ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി 150-ലേറെ മുൻ സൈനികർ രാഷ്ട്രപതിക്ക് അയച്ചെന്ന് അവകാശപ്പെടുന്ന കത്തിനെച്ചൊല്ലി ആശയക്കുഴപ്പം

സൈന്യത്തെ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി 150-ലേറെ മുൻ സൈനികർ രാഷ്ട്രപതിക്ക് അയച്ചെന്ന് അവകാശപ്പെടുന്ന കത്തിനെച്ചൊല്ലി ആശയക്കുഴപ്പം. കത്തിനെക്കുറിച്ചോ അതിന്‍റെ ഉള്ളടക്കത്തെക്കുറിച്ചോ അറിയില്ലെന്ന് രണ്ട് മുൻ സൈനിക മേധാവികൾ വ്യക്തമാക്കി. മുൻ സൈനിക മേധാവി സുനീത് ഫ്രാൻസിസ് റോഡ്രിഗസും മുൻ വ്യോമസേനാ മേധാവി എൻ സി സൂരിയുമാണ് കത്ത് നിഷേധിച്ച് രംഗത്തെത്തിയത്. എന്നാൽ കത്തിൽ ഒപ്പിട്ടിരിക്കുന്നത് താൻ തന്നെയാണെന്ന് മുൻ നാവികസേനാ മേധാവി സുരീഷ് മേത്ത സ്ഥിരീകരിച്ചു.
കത്ത് കിട്ടിയിട്ടില്ലെന്നാണ് രാഷ്ട്രപതി ഭവനും പറയുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ ഇത്തരമൊരു കത്ത് പ്രചരിക്കുന്നതായി അറിഞ്ഞെന്നും എന്നാൽ അത്തരമൊരു കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്നും രാഷ്ട്രപതി ഭവൻ വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, കത്തെഴുതിയ എല്ലാ സൈനികരെയും പിന്തുണച്ച് കോൺഗ്രസ് രംഗത്തു വന്നു. രാജ്യത്തിന്‍റെ അഖണ്ഡത കാത്ത് സൂക്ഷിക്കാൻ സഹായകമാണ് ഈ കത്തെന്നാണ് കോൺഗ്രസ് പറഞ്ഞത്.
150-ലധികം മുൻ സൈനികർ ഒപ്പിട്ടെന്ന് അവകാശപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട കത്തിൽ രാഷ്ട്രീയലാഭത്തിനായി സൈന്യത്തെ ഉപയോഗിക്കുന്നത് തടയണമെന്നാണ് ആവശ്യപ്പെടുന്നത്. ബാലാകോട്ടിൽ പ്രത്യാക്രമണം നടത്തിയ ഇന്ത്യൻ സൈനികരെ 'മോദിജിയുടെ സേന' എന്ന് പരാമർശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പരാമർശം എടുത്തു പറഞ്ഞാണ് കത്തിൽ വിമർശനമുന്നയിച്ചിരിക്കുന്നത്. അടിയന്തരമായി ഇടപെടണമെന്നും സേനകളെക്കുറിച്ചുള്ള പരാമർശം രാഷ്ട്രീയക്കാർ സ്വന്തം ലാഭത്തിന് ഉപയോഗിക്കുന്നത് തടയണമെന്നുമാണ് കത്തിൽ പറയുന്നത്.
''...അത്യന്തം അപകടകരവും അസ്വസ്ഥപ്പെടുത്തുന്നതുമായ ചില കാര്യങ്ങളുടെ ഇന്ത്യൻ സേനകളുടെ പരമോന്നത അധികാരിയായ താങ്കളുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഈ കത്ത്.'' എന്ന് പറയുന്ന ഈ കത്തിൽ, ചില രാഷ്ട്രീയനേതാക്കൾ അതിർത്തി കടന്നുള്ള ആക്രമണങ്ങളെ രാഷ്ട്രീയപ്രസംഗങ്ങളിൽ സ്വന്തം നേട്ടമായി എടുത്തു കാണിക്കുന്നു. ഇത് തീർത്തും അനുവദിക്കാനാകാത്തതാണ്. ചില നേതാക്കൾ എല്ലാ പരിധിയും വിട്ട് 'മോദിജി കി സേന' എന്ന് വരെ പരാമർശിക്കുന്നു. രാഷ്ട്രീയപ്രചാരണങ്ങളിൽ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന്‍റെ പേരും പരാമർശിക്കുന്നു. വർത്തമാന്‍റെ ഫോട്ടോയും സൈനികരുടെ യൂണിഫോമും കാണിക്കുന്നു. ഇത് തടയപ്പെടേണ്ടതാണെന്ന് കത്തിൽ പറയുന്നു. മുംബൈയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഊർമിളാ മതോന്ദ്കറുടെ പ്രചാരണറാലിയിൽ അഭിനന്ദന്‍റെ ചിത്രം വച്ചത് വിവാദമായിരുന്നു.
മൂന്ന് മുൻ കരസേനാ മേധാവികളാണ് കത്തിൽ ഒപ്പു വച്ചിരിക്കുന്നത് - സുനീത് ഫ്രാൻസിസ് റോഡ്രിഗസ്, ശങ്കർ റോയ് ചൗധുരി, ദീപക് കപൂർ. നാല് മുൻ നാവിക സേനാ മേധാവികളും കത്തിൽ ഒപ്പു വച്ചിട്ടുണ്ട് - ലക്ഷ്മീനാരായൺ രാംദാസ്, വിഷ്ണു ഭാഗവത്, അരുൺ പ്രകാശ്, സുരേഷ് മെഹ്‍ത എന്നിവർ. മുൻ വ്യോമസേനാ മേധാവി എൻ സി സൂരിയും കത്തിൽ ഒപ്പുവച്ച മുൻ ഉന്നത ഉദ്യോഗസ്ഥരിൽ പെടുന്നു.
സൈനികരെയും ബന്ധപ്പെട്ട വിഷയങ്ങളെയും രാഷ്ട്രീയപ്രസംഗങ്ങളിൽ നിന്നും പ്രചാരണങ്ങളിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയത് സ്വാഗതം ചെയ്യുന്ന മുൻ സൈനികർ, എന്നാൽ അതു കൊണ്ട് പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. ''അതിനാൽ, അടിയന്തരമായി സൈന്യത്തെയും, സൈനികരെയും, സൈനികയൂണിഫോമിനെയും ബന്ധപ്പെട്ട ചിഹ്നങ്ങളെയും സൈനിക നടപടികളെയും രാഷ്ട്രീയലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് തടയാൻ നടപടി വേണം'', എന്നാണ് കത്തിൽ സൈനികർ ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/Malayalivartha