എ-സാറ്റ് പരീക്ഷണം;ഇന്ത്യയ്ക്ക് പെന്റഗണ്‍ പിന്തുണ;ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തെ പിന്തുണച്ച് യുഎസ് പ്രതിരോധ ആസ്ഥാനം

ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തെ പിന്തുണച്ച് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ രംഗത്ത്. എന്തു കൊണ്ട് ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം നടത്തി ലളിതമായ ചോദ്യം. ബഹിരാകാശത്തു നിന്നുള്ള ഭീഷണിയില്‍ ഉത്കണ്ഠയുള്ളതിനാല്‍ എന്നതാണു ഉത്തരം യുഎസ് സ്ട്രാറ്റജിക് കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ ജോണ്‍ ഇ ഹെയ്തന്‍ യുഎസ് സെനറ്റിലെ സൈനിക കമ്മിറ്റി അംഗങ്ങളോടു പറഞ്ഞു. അതുകൊണ്ടുതന്നെ ബഹിരാകാശത്ത് സ്വയം പ്രതിരോധിക്കാനുള്ള ശേഷി വേണമെന്ന് അവര്‍ക്ക് തോന്നിയിരിക്കുമെന്നും ജോണ്‍ ഇ ഹെയ്തന്‍ പറഞ്ഞു.
ഇന്ത്യ തകര്‍ത്ത ഉപഗ്രഹം 400 കഷണങ്ങളായി ചിതറിത്തെറിച്ചുവെന്നും ഈ അവശിഷ്ടങ്ങള്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപകടകരമായ സാഹചര്യമാണു സൃഷ്ടിക്കുകയെന്നും നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡന്‍സ്‌റ്റൈന്‍ പറഞ്ഞതു പൂര്‍ണമായി തളളാതെയായിരുന്നു ഹെയ്തന്‍ ഈ ചോദ്യത്തിനു മറുപടി നല്‍കിയത്. അവശിഷ്ടങ്ങള്‍ സൃഷ്ടിക്കുന്ന കൂടുതല്‍ പരീക്ഷണങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഭൂമിയില്‍നിന്നു 300 കിലോമീറ്റര്‍ മാത്രം അകലെയുളള കൃത്രിമോപഗ്രഹമാണു ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ചു ഇന്ത്യ തകര്‍ത്തത്. ബഹിരാകാശ നിലയത്തില്‍നിന്നും ഏറെ താഴെയാണു ഉപഗ്രഹം സ്ഥിതി ചെയ്തിരുന്നതെങ്കിലും ചിതറിയ ഉപഗ്രഹത്തിന്റെ 24 കഷ്ണങ്ങള്‍ ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തിലേക്ക് എത്തിയെന്നും പരീക്ഷണം സൃഷ്ടിച്ച മാലിന്യം കൂട്ടിയിടിയുടെ സാധ്യത 44 ശതമാനമാണു വര്‍ധിപ്പിച്ചതെന്നും ജിം ബ്രൈഡന്‍സ്റ്റൈന്‍ പറഞ്ഞിരുന്നു.
ഭാവിയിലെ മനുഷ്യന്റെ ബഹിരാകാശ സഞ്ചാരത്തിനു ഇത്തരം പ്രവൃത്തികള്‍ ഗുണകരമല്ലെന്നും ഭയാനകരമായ സാഹചര്യമാണു നിലവില്‍ ഉളളതെന്നും പറഞ്ഞിരുന്നു. എന്നാല്‍ പരീക്ഷണം നടത്തി 45 ദിവസത്തിനുള്ളില്‍ എല്ലാ അവശിഷ്ടങ്ങളും അലിഞ്ഞുതീരുമെന്നു ഇന്ത്യന്‍ പ്രതിരോധ ഗവേഷണ വികസന സ്ഥാപന മേധാവി ജി. സതീഷ് റെഡ്ഡി പ്രതികരിച്ചു. ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം മൂലം ഉണ്ടായ ബഹിരാകാശ മാലിന്യങ്ങള്‍ കത്തിനശിക്കുമെന്ന ഇന്ത്യയുടെ വാദത്തെ പിന്തുണച്ച് പെന്റഗണ്‍ വക്താവും രംഗത്തു വന്നിരുന്നു. ബഹിരാകാശത്തെ കിടമത്സരത്തിന്റെറ ലക്ഷണമായി ഇന്ത്യന്‍ ഉപഗ്രഹവേധ പരീക്ഷണത്തെ കാണണമെന്നായിരുന്നു മാര്‍ച്ച് 28ന് യു.എസ് പ്രതിരോധ സെക്രട്ടറി ആവശ്യപ്പെട്ടത്. ഒരുപാടുകാലം നില്‍ക്കാതെ മാലിന്യം കത്തിത്തീരുമെന്നു പ്രതീക്ഷിക്കുന്നതായും പറഞ്ഞിരുന്നു.
2007ല്‍ ചൈന നടത്തിയ ഉപഗ്രഹവേധ പരീക്ഷണം മൂവായിരത്തിലധികം മാലിന്യത്തുണ്ടുകളാണു സൃഷ്ടിച്ചിരുന്നത്. ഇന്ത്യ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനാണ് താഴ്ന്ന ഓര്‍ബിറ്റിലുള്ള ഉപഗ്രഹത്തില്‍ പരീക്ഷണം നടത്തിയതെന്നും മാലിന്യങ്ങള്‍ 45 ദിവസത്തിനകം കത്തിത്തീരുമെന്നും ഇന്ത്യയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ അറിയിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha





















