പൂനം സിന്‍ഹ സജീവ രാഷ്ട്രീയത്തിലേക്ക്; ബിജെപി പാളയം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നടന് ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ സമാജ്വാദി പാര്‍ട്ടിയില്‍

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നടന് ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ സമാജ്വാദി പാര്‍ട്ടിയില്‍. അഖിലേഷ് യാദവിന്റെ ഭാര്യ ഡിമ്ബിള്‍ യാദവ് പൂനം സിന്‍ഹയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ചൊവ്വാഴ്ചയാണ് പൂനം സമാജ്വാദി അംഗത്വം സ്വീകരിച്ചത്. മുന്‍കാല ബോളിവുഡ് നടിയും മോഡലും നിര്‍മാതാവുമൊക്കെയാണ് പൂനം സിന്‍ഹ.
ഉത്തര്‍പ്രദേശിലെ ലക്നോ മണ്ഡലത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെയാണ് തെരഞ്ഞെടുപ്പില്‍ പൂനം നേരിടുന്നത്. സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്ന അവര്‍ക്ക് ബിഎസ്പിയും കോണ്‍ഗ്രസും നേരത്തെ പിന്തുണപ്രഖ്യാപിച്ചിരുന്നു. മണ്ഡലത്തിലെ ജാതിസമവാക്യം മുതലാക്കാനാണ് എസ്പി പരിശ്രമിക്കുന്നത്.
മണ്ഡലത്തിലെ വോട്ടര്‍മാരില്‍ നാലുലക്ഷംപേര്‍ ശത്രുഘ്നന്‍ സിന്‍ഹയുടെ സമുദായമായ കായസ്തയില്പ്പെട്ടവരും 1.3 ലക്ഷം പേര് പൂനം സിന്‍ഹയുടെ സിന്ധി സമുദായത്തില്‍പ്പെട്ടവരുമാണ്. രണ്ടു സമുദായങ്ങളുടേയും വോട്ട് പൂനത്തിനു നേടാനാവുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 55.7 ശതമാനം വോട്ട് നേടിയാണ് ലക്നോവില്‍ രാജ്നാഥ് സിംഗ് വിജയിച്ചത്. കോണ്‍ഗ്രസ് നേതാവായിരുന്ന റീത്താ ബഹുഗുണ ജോഷി ആയിരുന്നു രാജ്നാഥ് സിംഗിന്റെ എതിരാളി. പിന്നീട് റീത്താ ബഹുഗുണ ജോഷി ബിജെപിയിലേക്ക് കൂടുമാറുകയും സംസ്ഥാനമന്ത്രിയാവുകയും ചെയ്തു.
https://www.facebook.com/Malayalivartha