ആഭ്യൂഹങ്ങള്‍ക്ക് പിന്നിലെ രഹസ്യം; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മല്‍സരിക്കുമെന്ന അഭ്യൂഹം ശക്തം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മല്‍സരിക്കുമെന്ന അഭ്യൂഹം ശക്തം. ഡല്‍ഹിയിലെ 7 ലോക്‌സഭാ മണ്ഡലങ്ങളില്‍ നാലെണ്ണത്തിലാണ് ബിജെപി ഇന്നലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ന്യൂഡല്‍ഹി ഉള്‍പ്പെടെ 3 മണ്ഡലങ്ങള്‍ ഒഴിച്ചിട്ടു.
മോദി കളത്തിലിറങ്ങിയാല്‍ ഡല്‍ഹിയിലെ മുഴുവന്‍ സീറ്റുകളും തൂത്തുവാരാമെന്നാണു ബിജെപിയുടെ കണക്കുകൂട്ടല്‍. അയല്‍ സംസ്ഥാനമായ ഹരിയാനയിലെ 10 സീറ്റുകളിലും പ്രയോജനം ചെയ്യുമെന്നും പാര്‍ട്ടി നേതാക്കള്‍ കരുതുന്നു. ഡല്‍ഹി പിടിക്കുന്നവര്‍ രാജ്യം ഭരിക്കുമെന്ന വിശ്വാസവും ഇതിനു പിന്നിലുണ്ട്.
യുപിയിലെ വാരാണസി കൂടാതെ ഒരു സുരക്ഷിത മണ്ഡലത്തില്‍ കൂടി മോദി മല്‍സരിക്കുമെന്നും ന്യൂഡല്‍ഹി സജീവ പരിഗണനയിലാണെന്നുമുള്ള അഭ്യൂഹം ശക്തമാണ്. വാരാണസിയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മല്‍സരിച്ചേക്കുമെന്ന സൂചനകളും ശക്തമാണ്.
ഡല്‍ഹിയിലെ പ്രബല വ്യാപാരി സമൂഹമായ ബനിയകളുടെ യോഗത്തില്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പങ്കെടുത്തത് അഭ്യൂഹങ്ങള്‍ക്കു ശക്തി പകര്‍ന്നിട്ടുണ്ട്. എന്നാല്‍, മോദി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയും പിന്നാലെ എഎപികോണ്‍ഗ്രസ് സഖ്യം ഭിന്നതകള്‍ മറന്ന് സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും കൂടി ചെയ്താല്‍ തീപാറുന്ന പോരാട്ടത്തിനാവും ന്യൂഡല്‍ഹി മണ്ഡലം വേദിയാവുക. ഡല്‍ഹിയില്‍ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നാളെയായതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനം വൈകില്ല.
ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി, വെസ്റ്റ് ഡല്‍ഹിയില്‍ പര്‍വേഷ് സാഹിബ് സിങ് വര്‍മ, സൗത്ത് ഡല്‍ഹിയില്‍ രമേശ് ബിധുഡി എന്നിവരെയാണു ബിജെപി സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്. നാലുപേരും ഇതേ സീറ്റുകളിലെ ബിജെപിയുടെ സിറ്റിങ് എംപിമാരാണ്.
https://www.facebook.com/Malayalivartha