ലൈംഗികാരോപണം; ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന വാദത്തില്‍ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചു

ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന വാദത്തില്‍ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് എകെ പട്‌നായിക്കിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ഗൂഢാലോചന ഉണ്ടെന്ന അഭിഭാഷകന്‍ ഉത്സവ് ബയന്‍സിന്റെ ആരോപണത്തിലാണ് സുപ്രീംകോടതി അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്. റിലയന്‍സിന് വേണ്ടി വിധി തിരുത്തിയ 2 ഉദ്യോഗസ്ഥരും ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് കാട്ടി ബയന്‍സ് നല്‍കിയ അധിക സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവ്.
രാവിലെ ഈ കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസിനെതിരെയുള്ള ഗൂഢാലോചനയില്‍ തന്നെ സ്വാധീനിക്കാന്‍ ഒന്നരക്കോടി വാഗ്ദാനം ചെയ്തതിന്‍റെ തെളിവ് എന്നവകാശപ്പെട്ട് ഒരു സീല്‍ വച്ച കവര്‍ അഭിഭാഷകന്‍ ഉത്സവ് ബെയ്‍ന്‍സ് സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു.
സത്യവാങ്മൂലത്തില്‍ വസ്തുതയുണ്ടോ എന്നാണ് ആദ്യം അന്വേഷിക്കേണ്ടത്. തെളിവുകളും അവകാശവാദങ്ങളും സത്യമാണോ എന്ന് പരിശോധിക്കണം. ഏകെ പട്നായിക് നല്‍കുന്ന ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ബാക്കി അന്വേഷണം.
എന്നാല്‍ പരാതിക്കാരി ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ച ലൈംഗിക പീഡനാരോപണം ഈ അന്വേഷണത്തിന്‍റെ പരിധിയില്‍ വരില്ല. നാളെ രാവിലെ മുതല്‍ ജസ്റ്റിസ് എസ് എ ബോബ്‍ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചിന് മുമ്ബാകെ പരാതിക്കാരി ഹാജരായി തെളിവ് നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. അനുകൂല വിധി കിട്ടാതെ വന്ന ചില കോര്‍പ്പറേറ്റ് കമ്ബനികളുടെ പ്രതിനിധികള്‍ സുപ്രീംകോടതിയില്‍ നിന്ന് നേരത്തേ അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണിതെന്നാണ് ഉത്സവ് ബെയ്‍ന്‍സിന്‍റെ സത്യവാങ്മൂലത്തിലുള്ളത്. ചീഫ് ജസ്റ്റിസിനെ രാജി വെപ്പിക്കാനുള്ള ഗൂഢനീക്കത്തിന്‍റെ ഭാഗമായാണ് ഈ ലൈംഗികാരോപണം ഉയര്‍യത്തിയത്. തപന്‍ കുമാര്‍ ചക്രബര്‍ത്തി, മാനവ് ശര്‍മ എന്നിവരുടെ പേരുകള്‍ ഉത്സവ് ബെയ്‍ന്‍സ് എടുത്തു പറഞ്ഞിട്ടുണ്ട്. നേരത്തേ എറിക്സണ്‍ കമ്ബനി നല്‍കിയ കോടതിയലക്ഷ്യക്കേസില്‍ അനില്‍ അംബാനി നേരിട്ട് ഹാജരാകണമെന്ന സുപ്രീംകോടതി ഉത്തരവ് തിരുത്തിയ കോര്‍ട്ട് മാസ്റ്ററും സ്റ്റെനോഗ്രാഫറുമാണ് തപന്‍ കുമാറും മാനവ് ശര്‍മയും.
ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ പുതിയ സത്യവാങ്മൂലമായി സമര്‍പ്പിക്കാനാണ് ഉത്സവ് ബെയ്‍ന്‍സിനോട് കോടതി ആവശ്യപ്പെട്ടത്. ഈ ആരോപണങ്ങള്‍ തെളിയിക്കുന്ന രേഖകളുണ്ടെന്ന് പറഞ്ഞാണ് ഉത്സവ് ബെയ്ന്‍സ് കോടതിയില്‍ സത്യവാങ്മൂലം മുദ്ര വച്ച കവറില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha