ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന അറുമുഖ സ്വാമി കമ്മീഷന്റെ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ്

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അപ്പോളോ ആശുപത്രി അധികൃതര്‍ എന്തിനെയോ ഭയക്കുന്നതായി സംശയം. മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന അറുമുഖ സ്വാമി കമ്മീഷന്റെ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ്. കമ്മീഷന്റെ നടപടികള്‍ കോടതി സ്‌റ്റേ ചെയ്തു. തങ്ങളുടെ പേരിന് കളങ്കമുണ്ടാക്കുന്നെന്ന് കാണിച്ചാണ് ആശുപത്രി അധികൃതര്‍ ഹര്‍ജി നല്‍കിയത്. ഇതേ ആവശ്യമുന്നയിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് കമ്മീഷന്‍ പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. അറുമുഖം കമ്മീഷന്‍ അന്വേഷണവുമായി മുന്നോട്ട് പോകണമെന്ന് ഈമാസം നാലിന് സുപ്രീംകോടതി പറഞ്ഞിരുന്നു. കമ്മീഷനെ പിരിച്ച് വിടാന്‍ മതിയായ കാരണങ്ങളില്ലെന്ന് കാണിച്ചാണ് അന്ന് സ്റ്റേ പോലും അനുവദിക്കാതിരുന്നത്.
തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണനും അപ്പോളോ ആശുപത്രി അധികൃതരും ഗൂഢാലോചന നടത്തുകയും ജയലളിതയ്ക്ക് വിദഗ്ധചികിത്സ ലഭ്യമാകാതിരിക്കുകയും ചെയ്‌തെന്ന് കമ്മീഷന്‍ മുമ്പ് ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ കോടതിയെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അതിനാല്‍ അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജസ്റ്റിസ് എ.അറുമുഖ സ്വാമി കമീഷനെ സര്‍ക്കാര്‍ നിയമിച്ചത്. മദ്രാസ് ഹൈകോടതിയില്‍ നിന്നും വിരമിച്ചയാളാണ് ജസ്റ്റിസ് അറുമുഖം. ജയലളിത ചികിത്സയിലിരിക്കെ തമിഴ്‌നാട് ചീഫ് സെക്രട്ടറിയായിരുന്ന രാമ മോഹന റാവുവിനെതിരേയും കമ്മീഷന്‍ അന്വേഷണം നടത്തിയിരുന്നു.
2016 സെപ്റ്റംബര്‍ 22നാണ് ജയലളിതയെ അപ്പോളോയില്‍ പ്രവേശിപ്പിച്ചത്. പനിയും നിര്‍ജ്ജലീകരണവുമാണ് രോഗകാരണമെന്നാണ് ആശുപത്രിവൃത്തങ്ങള്‍ ആദ്യം പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞത്. ജയലളിത 74 ദിവസം ആശുപത്രിയില്‍ കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് യാതൊരു വിശദീകരണവും നല്‍കിയില്ല. അപ്പോളോ ആശുപത്രി അധികൃതരും തുടക്കം മുതലേ പല കാര്യങ്ങളും മറച്ച് വയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സ്ഥിരീകരണമില്ലാത്ത പല വാര്‍ത്തകളും ആശുപത്രിയില്‍ നിന്നു പുറത്തു വന്നു. സുഖംപ്രാപിക്കുന്നെന്ന വാര്‍ത്തകള്‍ വന്നതിന്റെ തൊട്ടടുത്ത ദിവസം, ജയലളിത മരുന്നുകളോടു പ്രതികരിക്കുന്നില്ലെന്ന വാര്‍ത്തകള്‍ പുറത്ത് വന്നു. അതിന് ശേഷം ജയലളിത സ്പീക്കര്‍ വഴി സംസാരിക്കാന്‍ തുടങ്ങിയെന്ന് അറിയിപ്പുണ്ടായി.
ചില രാഷ്ട്രീയ നേതാക്കളുമായി ജയലളിത ചര്‍ച്ച നടത്തി, സുപ്രധാന തീരുമാനങ്ങള്‍ എടുത്തുവെന്നും ആശുപത്രി വൃത്തങ്ങള്‍ വാര്‍ത്തകള്‍ പ്രചരിച്ചു. മുഖ്യമന്ത്രി സുഖം പ്രാപിക്കുകയാണ് എപ്പോള്‍ വേണമെങ്കിലും ആശുപത്രി വിടാമെന്ന സ്ഥിതിയിലാണ് ആരോഗ്യനിലയെന്നും അപ്പോളോ ചെയര്‍മാന്‍ ഡോ പ്രതാപ് സി റെഡ്ഡി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതിന് ശേഷം പെട്ടെന്ന് ഹൃദയാഘാതം പിടിപെട്ടെന്നും ഗുരുതരാവസ്ഥയിലായെന്നും മെഡിക്കല്‍ അറിയിപ്പ് വന്നു. 2016 ഡിസംമ്പര്‍ അഞ്ചിന് രാത്രി പതിനൊന്നരയോടെ മരണം സംഭവിച്ചെന്ന് ഔദ്യോഗിക അറിയിപ്പും ഉണ്ടായി. മരണസമയത്തെക്കുറിച്ചും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. അതിനും മുമ്പേ ജയലളിത മരിച്ചിരുന്നെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രശ്‌നങ്ങളുണ്ടാക്കാതിരിക്കാനാണ് മറച്ച് വെച്ചതെന്നും അറിയുന്നു. എന്താലായും ഇപ്പോഴും മരണം സംബന്ധിച്ച് ദുരൂഹത തുടരുകയാണ്.
https://www.facebook.com/Malayalivartha