അയല്‍വാസിയുടെ ശുചിമുറിയില്‍ അബദ്ധത്തില്‍ കുടുങ്ങിപ്പോയ ഏഴുവയസ്സുകാരി അഞ്ചുദിവസം ജീവന്‍ നിലനിര്‍ത്തിയത് വെള്ളം മാത്രം കുടിച്ച്!

അയല്‍വാസിയുടെ ശുചിമുറിയില്‍ അബദ്ധത്തില്‍ കുടുങ്ങിപ്പോയ ഏഴു വയസ്സുകാരി വെള്ളംമാത്രം കുടിച്ച് പിടിച്ചുനിന്നത് അഞ്ചു ദിവസം. അയല്‍വാസി വീടുപൂട്ടി പുറത്തുപോയിരുന്നതിനാല്‍ രക്ഷിക്കാനുള്ള ആ ബാലികയുടെ നിലവിളി ആരും കേട്ടില്ല. ടൗണില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്ന വീട്ടുടമ തിരിച്ച് വീട്ടിലെത്തുമ്പോഴാണ് ശുചിമുറിയില്‍ തളര്‍ന്നുകിടക്കുന്ന അഖില എന്ന പെണ്‍കുട്ടിയെ കണ്ടത്.
ഈ രണ്ടാം ക്ലാസുകാരി അപ്പോള്‍ ഭയന്ന് വിറച്ച് സംസാരിക്കാന്‍ പോലും കഴിയാതെ അവശനിലയിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില മെച്ചപ്പെട്ട് വരുന്നുണ്ട്. സംഭവം നടക്കുമ്പോള്‍ സ്‌കൂള്‍ അവധിയായതിനാല്‍ അധ്യാപകന്‍ കൂടിയായ അയല്‍വാസി വെങ്കടേശ് വീടുപൂട്ടി യാത്ര പോയതായിരുന്നു.
തെലങ്കാനയിലെ നാരായണ്‍പേട്ടിലെ മാഖ്തലില്‍ ഈ മാസം 20-നാണ് പെണ്‍കുട്ടി ശുചിമുറിയില്‍ കുടുങ്ങിപ്പോയത്. തൊട്ടടുത്തുള്ള ഫ്ളാറ്റിലെ താമസക്കാരിയായ പെണ്‍കുട്ടി വീടിനു മുകളില്‍ നിന്ന് കളിക്കുന്നതിനിടെ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. അയല്‍വാസിയുടെ മേല്‍ക്കുരയില്ലാത്ത തുറസ്സായ ശുചിമുറിയിലാണ് വന്ന് വീണത്. തുണി ഇടാന്‍വേണ്ടി ഇവിടെ കെട്ടിയിരുന്ന അയയിലാണ് പെണ്‍കുട്ടി വീണത്. അതിനാല്‍ പരിക്കേറ്റിരുന്നില്ല.
അയല്‍വാസി ശുചിമുറി പുറത്തുനിന്ന് പൂട്ടി പോയതിനാല്‍ പെണ്‍കുട്ടിക്ക് പുറത്തുകടക്കാന്‍ കഴിഞ്ഞില്ല. രക്ഷിക്കാനുള്ള കുട്ടിയുടെ നിലവിളി ശബ്ദവും ആരും കേട്ടില്ല. സമീപത്തുള്ള വീടുകളിലുള്ളവരും കരച്ചില്‍ കേട്ടില്ലെന്ന് പോലീസ് പറയുന്നു.
പെണ്‍കുട്ടിയെ കാണാതായതോടെ രക്ഷിതാക്കളായ സുരേഷും മഹാദേവമ്മയും പിറ്റേന്ന് പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല.
https://www.facebook.com/Malayalivartha