ഇതുപോലെയുള്ള ധാര്‍ഷ്ട്യമാണ് മഹാഭാരതത്തില്‍ ദുര്യോധനന്റെ തകര്‍ച്ചയ്ക്ക് കാരണമായത്; മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി

രാജീവ് ഗാന്ധിയ്‌ക്കെതിരായ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി. ഇതുപോലെയുള്ള ധാര്‍ഷ്ട്യമാണ് മഹാഭാരതത്തില്‍ ദുര്യോധനന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. മോദിയുടെ പതനവും അത്‌പോലെയാവും എന്ന് പ്രിയങ്ക ആഞ്ഞടിച്ചു. മോദിയുടെ അഹങ്കാരവും ധാര്‍ഷ്ട്യവും രാജ്യം പൊറുക്കില്ലെന്നും പ്രിയങ്ക പറഞ്ഞു. ഹരിയാനയിലെ അംബാലയില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
'മറ്റ് വിഷയങ്ങള്‍ ഇല്ലാതാവുമ്പോള്‍ അവര്‍ എന്റെ കുടുംബത്തെ അപമാനിക്കുകയാണ്. രാജ്യം ഇത് പൊറുത്ത് കൊടുക്കില്ല. ചരിത്രത്തില്‍ ഇതിന് തെളിവുകളുണ്ട്. മഹാഭാരതത്തില്‍ ഇതിന് തെളിവുകളുണ്ട്. ദുര്യോധനനും ഇത് പോലുള്ള അഹങ്കാരമായിരുന്നു ഉണ്ടായിരുന്നത്'' എന്നും പ്രിയങ്ക പറഞ്ഞു.
ആരാണ് ദുര്യോധനന്‍ എന്നും ആരാണ് അര്‍ജുനന്‍ എന്നും തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാമെന്നായിരുന്നു അമിത്ഷായുടെ മറുപടി. 'പ്രിയങ്കാജി, ഇത് ജനാധിപത്യമാണ്. നിങ്ങള്‍ ഒരാളെ ദുര്യോധന്‍ എന്ന് വിളിച്ചു എന്ന കാരണം കൊണ്ട് മാത്രം അയാള്‍ ദുര്യോധനനാകില്ല' എന്നും ബംഗാളില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കവെ അമിത് ഷാ വ്യക്തമാക്കി.
നേരത്തെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മോദിയെ ദുര്യോധനനായും അമിത് ഷായെ ദുശ്ശാസനനായും വിശേഷിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha