മോദി വീണ്ടും വന്നാൽ കേരളത്തിലെ തീവ്രവാദ മൃദുസമീപനത്തെ ബി ജെപി നേരിടും; വീണ്ടും ബി ജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിയാൽ ഭീകരവാദ പ്രവർത്തനങ്ങളോട് സംസ്ഥാന സർക്കാർ കാണിക്കുന്ന മൃദു സമീപനം അവസാനിപ്പിക്കുമെന്ന് സൂചന നൽകി ബി ജെ പി സംഘം ഗവർണറെ കണ്ടു

വീണ്ടും ബി ജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിയാൽ ഭീകരവാദ പ്രവർത്തനങ്ങളോട് സംസ്ഥാന സർക്കാർ കാണിക്കുന്ന മൃദു സമീപനം അവസാനിപ്പിക്കുമെന്ന് സൂചന നൽകി ബി ജെ പി സംഘം ഗവർണറെ കണ്ടു. കേരള സർക്കാരിന്റെ വീഴ്ചയും മൃദുസമീപനവും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ബി ജെ പി സംഘം ഗവർണർ ജസ്റ്റിസ്. പി. സദാശിവത്തിന് നിവേദനം നൽകിയത് . സർക്കാരിനോട് അടിയന്തരമായി വിശദീകരണം തേടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ രാജ് ഭവൻ വൃത്തങ്ങൾ നടപടി ആരംഭിച്ചു.
2018 ജൂലൈ 25ന് കാസർകോട് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് നൽകിയ നൽകിയ റിപ്പോർട്ടിൽ യമനലിലേക്ക് മനുഷ്യരെ കടത്തുന്ന വിവരവും അത് സംബന്ധിച്ച ശുപാർശകളും നൽകിയതാണെന്ന് ബിജെപി ആരോപിക്കുന്നു. യമനിലേക്ക് പോകുന്നതിനെതിരെ കേന്ദ്ര സർക്കാർ പാസ്പോർട്ട് നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ ഉൾപ്പെടെയാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. കാസർകോഡ് നിന്ന് 10 പേർ യമനിലേക്ക് പോയതായി സ്ഥിരീകരിച്ച റിപ്പോർട്ടിൽ പ്രധാനമായും രണ്ട് ശുപാർശകളാണ് നൽകിയത്. യമനിലേക്ക് പോകുന്നത് നിരോധിച്ച വിവരം മാധ്യമങ്ങൾ വഴി ജനങ്ങൾക്കും പോലീസ് ഓഫീസർമാർക്കും നൽകുക, റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെ നടപടി സ്വീകരിക്കുക, പാസ്പോർട് കണ്ട് കെട്ടാൻ കേസെടുത്ത് കേന്ദ്ര വിദേശ കാര്യ വകുപ്പിന് നൽകുക തുടങ്ങിയ നിർദ്ദേശങ്ങളിൽ ഒന്നു പോലും കേരള സർക്കാർ നടപ്പിലാക്കിയിട്ടില്ല. ശ്രീലങ്കൻ സ്ഫോടനത്തിൽ കേരളത്തിന്റെ പങ്ക് വ്യക്തമാക്കുന്ന അറസ്റ്റുകൾ ഉണ്ടായിട്ടും സർക്കാർ തീവ്രവാദത്തോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് ബി ജെ പി ആരോപിക്കുന്നു.
കാസർകോട്ട് മയക്ക് മരുന്നും ആയുധവും മണൽ കടത്തിന്റെ മറവിൽ നടക്കുന്നുവെന്ന് സംശയിക്കുന്നെന്നും 36 പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ജൂലൈ 13ന് നാർകോടിക് സെൽ റിപ്പോർട്ട് നൽകി. ഇത് ഒമ്പത് മാസമായി ഫയലിൽ വിശ്രമിക്കുകയാണ് . മണൽ കടത്തിന്റെ മറവിൽ ആയുധവ്യാപാരം നടക്കുന്നുവെന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നതായി ബി ജെ പി പറയുന്നു.
സർക്കാരിന്റെ ഗുരുതര കൃത്യവിലോപം കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമാക്കുകയാണെന്നും നിവേദനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. ശ്രീധരൻ പിള്ള,വി.മുരളീധരൻ എം പി, അഡ്വ.ജെ. ആർ. പത്മകുമാർ, ഡോ. പി. പി. വാവ, അഡ്വ.എസ്. സുരേഷ്, സി..ശിവൻകുട്ടി, അഡ്വ. പി സുധീർ എന്നിവരടങ്ങുന്ന സംഘമാണ് രാജ് ഭവനിലെത്തി നിവേദനം നൽകിയത്.
കേരളം തീവ്രവാദികളുടെ നിശബ്ദ താവളമാണെന്ന കാര്യം നേരത്തെ മുതൽ പരസ്യമായ രഹസ്യമാണ്. എന്നാൽ ഒരു നടപടിയും ഒരു സർക്കാരും ഇവർക്കെതിരെ എടുക്കാറില്ല. മുമ്പ് ന്യൂമാൻ കോളേജിലെ പ്രൊഫസറുടെ കൈപ്പത്തി വെട്ടിയെടുത്തതോടെയാണ് തീവ്രവാദികളുടെ പ്രവർത്തനം മറനീക്കി പുറത്തുവന്നത്. തീവവാദ സംഘടനകളുടെ വോട്ടു വാങ്ങിയാണ് കേരളത്തിൽ ഇടത് - വലത് മുന്നണികൾ അധികാരത്തിലെത്തിയിട്ടുള്ളത്. ഒരു മത സംഘടനയെയും പിണക്കാൻ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ തയ്യാറല്ല. ബി ജെ പി ഇത്തരക്കാരെയാണ് നോട്ടമിടുന്നത്. വാഗമൺ സിമി ക്യാമ്പിലെ കുറ്റവാളികളെ പോലും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇത്തരം ക്യാമ്പുകളെയാണ് ബി ജെ പി ഭീകര പ്രവർത്തനത്തിന്റെ ബാലപാഠമായി കാണുന്നത്.
കേരളത്തിലെ കാമ്പസുകൾ പോലും ഭീകര താവളങ്ങളാകുന്നു എന്ന ആരോപണവും ബി ജെ പി ഉന്നയിക്കുന്നുണ്ട്. ഇതിനെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറല്ലെന്നാണ് ബിജെപിയുടെ പരാതി. സംസ്ഥാനത്ത് ബി ജെ പിയുടെ പ്രവർത്തനം പ്രതിരോധിക്കുന്നതിന് സർക്കാർ ചില തീവ്രവാദ സംഘടനകളെ കൈയയച്ച് സഹായിക്കുന്നു എന്നാണ് ആരോപണം. ഇത്തരം ആരോപണങ്ങളിൽ തീരെ കഴമ്പില്ലെന്ന് പറയാനാവില്ല. ഇനിയും ബി ജെ പി കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ കാണിച്ചു തരാം എന്നാണ് ബി ജെ പി നേതാക്കൾ പറയുന്നു. ഹിന്ദു വർഗീയതയെ പ്രതിരോധിക്കാൻ മറ്റ് വർഗീയതകളെ സർക്കാർ പരിപോഷിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ബി ജെ പി ആരോപിക്കുന്നു.
https://www.facebook.com/Malayalivartha