ധൈര്യമുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും നോട്ടുനിരോധനത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്ന വെല്ലുവിളിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രയങ്കാഗാന്ധി

ധൈര്യമുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും നോട്ടുനിരോധനത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്ന വെല്ലുവിളിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രയങ്കാഗാന്ധി രംഗത്ത്. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന രണ്ടു ഘട്ടത്തിലെങ്കിലും നോട്ട് നിരോധനത്തിന്റെയും ജി.എസ്.ടിയുടെയും സ്ത്രീ സുരക്ഷയുടെയും പേരില്‍ വോട്ട് തേടാന്‍ പ്രിയങ്ക ബി.ജെ.പിയെ വെല്ലുവിളിച്ചു.
കഴിഞ്ഞ ദിവസം നരേന്ദ്രമോദിയെ ദുര്യോധനനെന്ന് പ്രിയങ്ക വിളിച്ചിരുന്നു. "മോദി ദുര്യോധനനെ പോലെ അഹങ്കാരിയാണ്. മോദിയുടെ പതനവും ദുര്യോധനന് സംഭവിച്ച പോലെ തന്നെയാവുമെന്നും പ്രിയങ്ക പറഞ്ഞു. ഉപദേശിക്കാന്‍ പോയ കൃഷ്ണനെപ്പോലും ദുര്യോധനന്‍ ബന്ധിയാക്കിയെന്നും സര്‍വ്വ നാശത്തിന്റെ കാലത്ത് വിവേകം മരിക്കുമെന്നും" പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. മഹാഭാരതത്തില്‍ ധാര്‍ഷ്ട്യവും അഹങ്കാരവും മൂലം ദുര്യോധനനു പതനമുണ്ടായതുപോലെ നരേന്ദ്രമോദിയും തകരുമെന്നു പ്രിയങ്ക ഗാന്ധി ഹരിയാനയിലെ അംബാലയില്‍ നടന്ന റാലിയിൽ ആഞ്ഞടിച്ചു. രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ തന്‍റെ പിതാവിനെ മോദി അപമാനിച്ചുവെന്നും പ്രിയങ്ക പറഞ്ഞു.
അതേസമയം, പ്രിയങ്ക ഗാന്ധിയുടെ ദുര്യോധനന്‍ പരാമര്‍ശത്തിന് മറുപടിയുമായി അമിത് ഷാ രംഗത്തെത്തിയിരുന്നു. 23-ന് അറിയാം ആരാണ് അര്‍ജുനനെന്നും ദുര്യോധനനെന്നുമായിരുന്നു അമിത്ഷായുടെ മറുപടി.
ആരാണ് ദുര്യോധനന്‍, ആരാണ് അര്‍ജുനനെന്നു തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാമെന്നു പ്രിയങ്കയ്ക്കു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മറുപടി നല്‍കി. പ്രിയങ്ക പരിഹസിച്ചതുകൊണ്ട് ആരും ദുര്യോധനനാകില്ലെന്നും രാജീവ് ഗാന്ധിയെക്കുറിച്ചു യഥാര്‍ഥ്യങ്ങളാണ് മോദി പറഞ്ഞതെന്നും അമിത് ഷാ പറഞ്ഞു.
ജയ് ശ്രീറാം വിളിക്കുന്നവരെ അറസ്റ്റുചെയ്യാന്‍ ബംഗാള്‍ പാക്കിസ്ഥാനല്ലെന്നു അമിത് ഷാ പറഞ്ഞു. ജയ് ശ്രീറാം വിളിക്കുന്നതിനു തന്നെയും അറസ്റ്റുചെയ്യണമെന്നു മമത ബാനര്‍ജിയെ അമിത് ഷാ വെല്ലുവിളിച്ചു. അതിനിടെ, രണ്ട് പരാതികളില്‍ കൂടി മോദിക്കു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ലീന്‍ ചിറ്റ് നല്‍കി. ഏപ്രില്‍ 23 അഹമ്മദാബാദില്‍ വോട്ടു ചെയ്ത ശേഷം മോദി റോഡ് ഷോ നടത്തിയതും മാധ്യമങ്ങളെ കണ്ടതും പെരുമാറ്റച്ചട്ട ലംഘനമല്ലെന്നാണു തിരഞ്ഞെടുപ്പു കമ്മിഷന്‍റെ കണ്ടെത്തല്‍.
ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഈസ്റ്റ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് പ്രചാരണം നടത്തും. അരവിന്ദര്‍ സിംഗ് ലൗലിയുടെ പ്രചാരണത്തിന് വേണ്ടി സംഘടന ചുമതലയുള്ള എ.ഐ.സിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കെ.വി തോമസ് എം.പി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രചാരണത്തിനെത്തി. ഡല്‍ഹിയില്‍ നഷ്ടപ്രതാപം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
https://www.facebook.com/Malayalivartha