ദേശീയപാത വികസനത്തില്‍ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി

ദേശീയപാത വികസനത്തില്‍ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ദേശീയപാത വികസനത്തില്‍ കേരളത്തോട് വിവേചനം കാണിക്കില്ലെന്നും ഭൂമി ഏറ്റെടുക്കലാണ് ഇവിടുത്തെ പ്രധാന വിഷയമെന്നും ഗഡ്കരി പറഞ്ഞു.
കേരളത്തെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തി ദേശീയപാത വികസനം നടത്തുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനവും പ്രതികരിച്ചു. ഇക്കാര്യത്തില്‍ കേരളത്തിന് ഭയപ്പെടേണ്ട സാഹചര്യമില്ല. സംസ്ഥാന സര്‍ക്കാരിന്റെ ആരോപണത്തില്‍ വാസ്തവമില്ലെന്നും കണ്ണന്താനം വ്യക്തമാക്കി. കേരളത്തിലെ ദേശീയപാതാ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയപ്പോഴാണ് മുന്തിയ പരിഗണനാ പട്ടികയില്‍നിന്നു കേരളത്തിലെ ദേശീയപാതയെ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
അടുത്ത രണ്ടു വര്‍ഷത്തേക്ക് തുടര്‍നടപടികള്‍ അസാധ്യമാക്കുന്ന തരത്തിലാണ് ദേശീയപാതാ അഥോറിറ്റിയുടെ പുതിയ തീരുമാനമുണ്ടായത്. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ വികസനം തടയുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും സ്വീകരിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ദേശീയപാത വികസനം അട്ടിമറിച്ച തീരുമാനത്തിന് പിന്നില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയാണെന്ന് ധനമന്ത്രി തോമസ് ഐസക്കും ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha