പാക്കിസ്ഥാന് നല്‍കുന്ന വെള്ളത്തിന് പകരം ഹരിയാണ, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലേയ്ക്ക് വഴിതിരിച്ചുവിടും; ഇന്ത്യയിലെ നദികളില്‍ നിന്നും പാക്കിസ്ഥാന് വെള്ളം നല്‍കുന്നത് നിര്‍ത്തേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

പാകിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യയിലെ നദികളില്‍ നിന്നും പാക്കിസ്ഥാന് വെള്ളം നല്‍കുന്നത് നിര്‍ത്തേണ്ടി വരുമെന്നാണ് ഗഡ്കരിയുടെ മുന്നറിയിപ്പ്. നിലവിലെ ജലവിതരണ കരാര്‍ ഇന്ത്യ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും പാക്കിസ്ഥാന് നല്‍കുന്ന വെള്ളത്തിന് പകരം ഹരിയാണ, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലേയ്ക്ക് വഴിതിരിച്ചുവിടുമെന്നും ജലഗതാഗത വകുപ്പ് മന്ത്രി ഗഡ്കരി പറഞ്ഞു.
‘മൂന്ന് നദികളില്‍ നിന്നാണ് ഇപ്പോള്‍ പാക്കിസ്ഥാനിലേക്ക് വെള്ളം എത്തുന്നത്. ഞങ്ങള്‍ക്ക് അത് അവസാനിപ്പിക്കണമെന്നില്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ജല ഉടമ്പടി ഇരുരാജ്യവും തമ്മിലുള്ള സമാധാനവും സൗഹൃദവും മുന്‍നിര്‍ത്തിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് പൂര്‍ണമായും ഇല്ലാതായിരിക്കുന്നു. അതുകൊണ്ട് തന്നെ ഇനി ഈ കരാര്‍ തുടരേണ്ട കാര്യം നമുക്കില്ല. പാകിസ്ഥാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. അത് ഇനിയും നിര്‍ത്തിയില്ലെങ്കില്‍ നമുക്ക് വേറെ വഴിയില്ല. പാകിസ്ഥാന് വെള്ളം നല്‍കുന്നത് നിര്‍ത്തുമെന്ന് ഗഡ്കരി വ്യക്തമാക്കി.
‘ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിച്ചപ്പോള്‍ മൂന്ന് നദികള്‍ പാക്കിസ്ഥാനും മൂന്ന് നദികള്‍ ഇന്ത്യയ്ക്കും നല്‍കി. എന്നിരുന്നാലും പാക്കിസ്ഥാന് നദീജലം നല്‍കുന്നത് ഇന്ത്യ തുടര്‍ന്നു. എന്നാലിപ്പോള്‍ ആ ജലം യമുന പ്രോജക്ട് വഴി യമുനാ നദി പരിപോഷിപ്പിക്കാന്‍ ഉപയോഗിക്കും.’ എന്നായിരുന്നു പൊതുറാലിയെ അഭിസംബോധന ചെയ്ത് ഗഡ്കരി പറഞ്ഞത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് വെള്ളം നല്‍കുന്നത് തടയണമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. പാക്കിസ്ഥാന് വെള്ളം കിട്ടാതിരിക്കാന്‍ നദികള്‍ വഴിതിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, തീവ്രവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തുകയുണ്ടായി. 49 സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിന്റെ[1] ഉത്തരവാദിത്തം പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു.
പാകിസ്താന്റെ പിന്തുണയോടെ, 2015 മുതൽ ജമ്മു കാശ്മീരിൽ തീവ്രവാദികൾ ആക്രമണം തുടങ്ങിയിരുന്നു. ആയുധധാരികളായ മൂന്നു തീവ്രവാദികൾ 2015 ജൂലൈ മാസത്തിൽ ഗുർദാസ്പൂർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു. പത്താൻകോട്ട് 2016-ന്റെ തുടക്കത്തിൽ ആക്രമണം നടന്നു. 2016 ൽ ഫെബ്രുവരിയിലും, ജൂലൈയിലും നടന്ന ആക്രമണങ്ങളിൽ യഥാക്രമം, ഒമ്പതും എട്ടും സൈനികർ കൊല്ലപ്പെട്ടു. ഉറിയിലെ സൈനിക ക്യാംപിൽ 2016 സെപ്തംബർ മാസത്തിലുണ്ടായ ഒരു ആക്രമണത്തിൽ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ജമ്മു - ശ്രീനഗർ ദേശീയപാതക്കു സമീപപ്രദേശങ്ങളിലാണ് തീവ്രവാദ ആക്രമണങ്ങളിൽ ഏറെയും നടന്നത്.
https://www.facebook.com/Malayalivartha