അരവിന്ദ് കേജരിവാളിനെ പട്ടിയായും അതീഷിയെ വ്യഭിചാരിയായും ലഘുലേഖ; മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ മോശം പരമാർശങ്ങളുമായി ലഘുലേഖ വിതരണം ചെയ്തതായി ആരോപണം

ഡൽഹിയിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥിക്കെതിരെ മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ മോശം പരമാർശങ്ങളുമായി ലഘുലേഖ വിതരണം ചെയ്തതായി ആരോപണം. എഎപി ഈസ്റ്റ് ഡൽഹി മണ്ഡലത്തിലെ സ്ഥാനാർഥി അതീഷിയാണ് ആരോപണം ഉന്നയിച്ചത്. ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന എതിർ സ്ഥാനാർഥി ഗംഭീറിന്റെ നിർദേശാനുസരണം മോശം പരാമർശങ്ങളടങ്ങിയ ലഘുലേഖ മണ്ഡലത്തിൽ വിതരണം ചെയ്തതായാണ് ആരോപണം. വാർത്താ സമ്മേളനത്തിൽ അതീഷി മാധ്യമപ്രവർത്തകർക്ക് ലഘുലേഖ നൽകി. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അതീഷിക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ലഘുലേഖയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ പട്ടിയായും അതീഷിയെ വ്യഭിചാരിയായും ആണ് ചിത്രീകരിക്കുന്നത്. നിങ്ങളുടെ സ്ഥാനാർഥിയെ തിരിച്ചറിയുക എന്ന തലക്കെട്ടോടെയാണ് ലഘുലേഖ ആക്ഷേപം ചൊരിയുന്നത്. ഗംഭീർ ഇത്രയും തരംതാഴുമെന്ന് കരുതിയില്ലെന്ന് കേജരിവാൾ ട്വീറ്റ് ചെയ്തു. ഇത്തരം മനോഭാവമുള്ള ആളുകൾ തെരഞ്ഞെടുക്കപ്പെട്ടാൽ സ്ത്രീകൾക്ക് എങ്ങനെ സുരക്ഷിതത്വം പ്രതീക്ഷിക്കാമെന്നും കേജരിവാൾ ട്വീറ്റിൽ പറഞ്ഞു.
എന്നാൽ ആരോപണം ഗംഭീർ നിഷേധിച്ചു. താനാണ് ഇത് ചെയ്തതെന്ന് തെളിയിച്ചാൽ തന്റെ സ്ഥാനാർഥിത്വം പിൻവലിക്കാൻ തയാറാണ്. എന്നാൽ തെളിയിക്കാനായില്ലെങ്കിൽ നിങ്ങൾ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ഗംഭീർ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha