അയോധ്യ ഭൂമിതര്‍ക്ക കേസ് ഇന്ന് സുപ്രീംകോടതി പരിഗണനയില്‍, അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്

അയോധ്യ ഭൂമിതര്‍ക്ക കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതി സീല്‍ വെച്ച കവറില്‍ മെയ് 6ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നത്. കഴിഞ്ഞ എട്ട് ആഴ്ച കേസിലെ കക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് കൈമാറിയത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്ക് സുപ്രീം കോടതി രൂപം നല്‍കിയത്. കര്‍ശന നിര്‍ദ്ദേശങ്ങളായിരുന്നു സുപ്രീം കോടതി മധ്യസ്ഥ സമിതിക്ക് മുമ്പാകെ വെച്ചിരുന്നത്.
തര്‍ക്ക ഭൂമിയുള്ള ഫൈസാബാദില്‍ ഒരാഴ്ചയ്ക്കകം മധ്യസ്ഥ ചര്‍ച്ചകള്‍ ആരംഭിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. മധ്യസ്ഥ ചര്‍ച്ചാനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.നാലാഴ്ചയ്ക്കുള്ള മധ്യസ്ഥ ചര്‍ച്ചകളുടെ പുരോഗതി കോടതിയെ അറിയിക്കണമെന്നായിരുന്നു നിബന്ധന. അയോധ്യ കേസ് കേവലം ഭൂമിതര്‍ക്കം മാത്രമല്ലെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് പരിഗണിക്കുക എന്ന നിലപാടിനെ തുടര്‍ന്നാണ് സുപ്രീം കോടതി മധ്യസ്ഥ ചര്‍ച്ചകളുടെ സാധ്യത തേടിയത്.
https://www.facebook.com/Malayalivartha