ആസാമില്‍ വര്‍ഗീയ ലഹളയെ തുടര്‍ന്നു നിരോധനാജ്ഞ; ആക്രമങ്ങളില്‍ 15 പേര്‍ക്ക് പരിക്ക്; സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്നു പോലീസ് ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തു

ആസാമിലെ ഹൈലാകണ്ഡിയില് വര്‍ഗീയ ലഹളയെ തുടര്‍ന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.15 പേര്‍ക്കാണ് ആക്രമങ്ങളില്‍ പരിക്കേറ്റത്. ഇരുവിഭാഗവും പരസ്പരം കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. നിരവധി സ്ഥാപനങ്ങളും അക്രമികള്‍ തകര്‍ത്തു. സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്നു പോലീസ് ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആരാധാനലയത്തിന് മുന്നില്‍ നിര്‍ത്തിയ വാഹനങ്ങള്‍ അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചിരുന്നു. സംഭവത്തില്‍ ആരാധനാലയ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയോടെ ആരാധനാലയത്തിന് മുന്നില്‍നിന്ന വിശ്വാസികള്‍ക്കു നേരെ ഒരു സംഘം ആളുകള്‍ കല്ലെറിഞ്ഞതോടെയാണ് ആക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കൂടുതല്‍ പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 2012ല്‍ ആസമില്‍ ബോഡോ വിഭാഗവും ബംഗാളി മുസ്ലിംകളും തമ്മിലുണ്ടായ ലഹളയില്‍ 77 പേര് കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha