ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി നടന്‍ രജനികാന്ത്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി നടന്‍ രജനികാന്ത്. ഈ വിജയം മോദിയുടെ വിജയമാണ്. വ്യക്തിപ്രഭാവമുള്ള നേതാവാണ് മോദി. നെഹ്‌റുവിനും രാജീവ് ഗാന്ധിക്കും ശേഷം ഇന്ത്യയില്‍ ഇന്നുള്ള ഏറ്റവും പ്രഭാവമുള്ള നേതാവാണ് മോദി എന്നും രജനികാന്ത് പ്രതികരിച്ചു.
വ്യാഴാഴ്ച നടക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ താന്‍ പങ്കെടുക്കുമെന്നും അദ്ദേഹം ചെന്നൈയില്‍ പറഞ്ഞു. നടനും മക്കള്‍ നീതി മയ്യം നേതാവായ കമല്‍ഹാസനും മോദിയുടെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് ക്ഷണമുണ്ട്.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍പരാജയം ഏറ്റുവാങ്ങിയതിന്റെ പശ്ചാത്തലത്തില്‍ രാജിവെക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ കുറിച്ചും രജനികാന്ത് പ്രതികരിച്ചു. രാഹുല്‍ രാജിവെക്കേണ്ടതില്ല. തനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് വേണ്ടിയത്. ജനാധിപത്യത്തില്‍ പ്രതിപക്ഷവും ശക്തമായിരിക്കണം-രജിനികാന്ത് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വ്യവസായപ്രമുഖൻ എംഎ യൂസുഫ് അലിയും അഭിനന്ദനം അറിയിച്ചിരുന്നു. വികസന അജണ്ടക്കു ലഭിച്ച വിജയമാണിതെന്ന് യൂസുഫ് അലി ഫെയ്സ്ബുക്കിൽ കുറിച്ചു. താഴേത്തട്ടു മുതൽ നടത്തിയ വികസനപ്രവർത്തനങ്ങൾ ശരിയായ ദിശയിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''ഗൾഫിൽ ജീവിക്കുന്ന ഒരു പ്രവാസി എന്ന നിലക്ക് കഴിഞ്ഞ 5 വർഷങ്ങൾ ഇന്തോ–ഇസ്ലാമിക് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിലെ സുവർണ കാലഘട്ടമായിരുന്നു. മോദിയെ ബഹുമാനത്തോടെ കാണുന്നവരാണ് ഈ രാജ്യങ്ങളിലെ നേതാക്കൻമാർ. അത് വരും വർഷങ്ങളിലും കൂടുതൽ ശക്തിയാർജിക്കും. കഴിഞ്ഞ 5 വർഷങ്ങളിലായി ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും പ്രതിഛായ അന്താരാഷ്ട്രതലത്തിൽ വർധിച്ചു. പുതിയ തലമുറക്കും വരുംവർഷങ്ങളില്‍ ഏറെ ആഹ്ലാദിക്കാനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'', യൂസഫലി കൂട്ടിച്ചേർത്തു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച വിജയത്തില്‍ നരേന്ദ്ര മോദിയെ പ്രശംസിച്ച് രംഗത്ത് എത്തിയ എപി അബുദുള്ളക്കുട്ടി രൂക്ഷ വിമർശനത്തിന് വിധേയനായിരുന്നു. ഫേസ്ബുക്കിലാണ് അബ്ദുള്ളക്കുട്ടി മോഡിയെ പ്രശംസിച്ചത്. മോഡിയുടെ വിജയത്തെകുറിച്ചുള്ള തന്റെ നിരീക്ഷണമാണ് അബ്ദുള്ളകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഒരു ഗാന്ധിയന്‍ മൂല്യം ഗാന്ധിയുടെ നാട്ടുകാരന്‍ മോഡി തന്റെ ഭരണത്തില്‍ പ്രയോഗിച്ചു എന്നുള്ളതാണ് നരേന്ദ്ര മോഡിയെ ജനപ്രിയനാക്കിയതിന്റെ കൗതുകകരമായ രഹസ്യമെന്ന് അബ്ദുള്ളക്കുട്ടി വിശദീകരിക്കുന്നു. ഇതിന് പുറമെ സ്വച്ഛ് ഭാരത് സ്‌കീമിലൂടെ 9.16 കോടി കുടുംബങ്ങള്‍ക്ക് ശുചിമുറി സൗകര്യം നല്‍കിയതിനെക്കുറിച്ചും പ്രധാനമന്ത്രി ഉജ്വലയോജന സ്‌കീമില്‍ 6 കോടി കുടുംബങ്ങള്‍ക്കാണ് സൗജന്യമായി എല്‍പിജി ഗ്യാസ് കണക്ഷന്‍ നല്‍കിയതും അബ്ദുള്ളകുട്ടി പ്രശംസിച്ചു.
https://www.facebook.com/Malayalivartha
























