ഒന്നോ രണ്ടോ ആഴ്ച പ്രായമുള്ളപ്പോഴാണ് അവള്‍ ഞങ്ങളുടെ വീട്ടുപരിസരത്തെത്തിയത്; ശല്യമോര്‍ത്ത് ആദ്യം ശ്രദ്ധിച്ചില്ല... ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോയില്ല... പാവം തോന്നി ഇടയ്ക്ക് പാലൊക്കെ കൊടുത്തു:- പതിയെ അവള്‍ കുടുംബത്തിലൊരാളായി- ട്രോളുകൾ നിറയുമ്പോഴും വളർത്തുമകളെ നഷ്ടപ്പെട്ട വേദനയിൽ ചുഞ്ചു നായരുടെ കുടുംബം

''ഒന്നോ രണ്ടോ ആഴ്ച പ്രായമുള്ളപ്പോഴാണ് അവള്‍ ഞങ്ങളുടെ വീട്ടുപരിസരത്തെത്തിയത്. ശല്യമോര്‍ത്ത് ആദ്യം ശ്രദ്ധിച്ചില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോയില്ല. പാവംതോന്നി ഇടയ്ക്ക് പാലൊക്കെ കൊടുത്തു. പതിയെ അവള്‍ കുടുംബത്തിലൊരാളായി'' ഈ വാക്കുകൾ ചുഞ്ചു നായരുടെ രക്ഷിതാക്കളുടേതാണ്. ചുഞ്ചു നായരെന്ന പേരുള്ള പൂച്ചയുടെ ഒന്നാം ചരമവാര്‍ഷിക പരസ്യം സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയ വിവാദങ്ങളും വിമര്‍ശനങ്ങളും ഇനിയും അടങ്ങിയിട്ടില്ല. പൂച്ചയ്ക്കും ജാതിയോ എന്നാണ് ട്രോളുകളിലെ വിലാപം.
ഈ പരിഹാസമെല്ലാം ചുഞ്ചുവിന്റെ വളര്‍ത്തുകുടുംബം അറിയുന്നുണ്ട്, നവി മുംൈബയിലാണ് ഈ മലയാളി കുടുംബം. ‘ഒന്നിനോടും പ്രതികരിക്കാനില്ല. പൂച്ചയ്ക്ക് ഇതാണ് അവസ്ഥയെങ്കില്‍ മനുഷ്യന്റെ കാര്യമോ? ഒന്നുമാത്രം പറയാം. അവള്‍ ഞങ്ങള്‍ക്ക് മൃഗമായിരുന്നില്ല. മകള്‍തന്നെയാണ്’ -ചുഞ്ചുവിന്റെ വളര്‍ത്തമ്മയുടെ വാക്കുകള്‍. റിട്ട. കോളേജ് അധ്യാപികയാണവര്‍. പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലെന്ന ആമുഖത്തോടെ അവര്‍ പങ്കുവയ്ക്കുന്നത് ഇങ്ങനെ...
ഒന്നോ രണ്ടോ ആഴ്ച പ്രായമുള്ളപ്പോഴാണ് അവള്‍ ഞങ്ങളുടെ വീട്ടുപരിസരത്തെത്തിയത്. ശല്യമോര്‍ത്ത് ആദ്യം ശ്രദ്ധിച്ചില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോയില്ല. പാവംതോന്നി ഇടയ്ക്ക് പാലൊക്കെ കൊടുത്തു. പതിയെ അവള്‍ കുടുംബത്തിലൊരാളായി. വെറ്ററിനറി ഡോക്ടറാണ് ‘ചുഞ്ചു’ എന്ന പേരിനൊപ്പം നായര്‍ ചേര്‍ത്തത്. അവള്‍ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായതിനാല്‍ അത് മാറ്റിയില്ല.
18 വര്‍ഷം ഒപ്പമുണ്ടായിരുന്നു. ഏറെ പ്രത്യേകതകളുണ്ട് ചുഞ്ചുവിന്. ബഹളമില്ല. ഭക്ഷണത്തില്‍ തലയിടലും തട്ടിമറിക്കലുമില്ല. വീടിനകം വൃത്തികേടാക്കില്ല. രാത്രി കിടക്കുന്നതും ഞങ്ങള്‍ക്കൊപ്പമാണ്. ഭക്ഷണത്തില്‍ ചെറിയ ഇഷ്ടങ്ങളുണ്ട്. അയലയും നെയ്മീനുമാണ് താത്പര്യം. അതിനായി ഞാന്‍ ആഴ്ചയില്‍ മൂന്നുദിവസം മാര്‍ക്കറ്റില്‍ പോകും. അവളെ തനിച്ചാക്കാന്‍ മടിച്ച് യാത്രകള്‍ കുറച്ചു. രണ്ടുപെണ്‍മക്കളുണ്ട് എനിക്ക്. മക്കൾക്കും മരുമക്കൾക്കും ചുഞ്ചുവിനെ ഏറെ ഇഷ്ടമാണ്. 2018 ജനുവരിയിലാണ് വയ്യായ്‌ക തുടങ്ങിയത്. 13-14 വര്‍ഷമാണത്രേ പൂച്ചകൾക്ക് ആയുസ്സ്. അവള്‍ 18 വര്‍ഷം ജീവിച്ചു. പ്രായത്തിന്റെ അവശതകളോടെ മേയ് 26-നാണ് ഞങ്ങളെ വിട്ടുപിരിഞ്ഞത്.
വെറ്ററിനറി ആശുപത്രിയിലെ വൈദ്യുതശ്മശാനത്തിലായിരുന്നു ശവസംസ്കാരം. കഴിഞ്ഞ ഒരു വര്‍ഷം ഞങ്ങള്‍ ആഘോഷമെല്ലാം ഒഴിവാക്കി. ഓണവും വിഷുവും ആഘോഷിച്ചില്ല. അവളെ ഓര്‍ക്കാത്ത ഒരുദിവസം പോലുമില്ല. അത്രയും പ്രിയപ്പെട്ടതായിരുന്നു. അതുകൊണ്ടാണ് ചരമവാര്‍ഷികത്തില്‍ പരസ്യം നല്‍കിയത് -അവർ പറഞ്ഞുനിർത്തി.
ഒരു ഇംഗ്ലീഷ് പത്രത്തിന്റെ മുംബൈ എഡിഷനില്‍ ഞായറാഴ്ചയായിരുന്നു പരസ്യം. ഒന്നാംചരമവാര്‍ഷികം തലക്കെട്ടില്‍ ‘മോളൂട്ടി വീ ബാഡ്‌ലി മിസ് യൂ’ എന്നാണ് അമ്മയും അച്ഛനും ചേച്ചിമാരും ചേട്ടന്‍മാരും ചേർന്ന് നൽകിയ പരസ്യത്തിലെ വാക്കുകൾ. പൂച്ചയുടെ ‘ചുഞ്ചു നായര്‍’ എന്ന പേരാണ് ട്രോളന്മാരെ പ്രകോപിപ്പിച്ചത്.
https://www.facebook.com/Malayalivartha
























