ടോള്‍ പ്ലാസയില്‍ ബിജെപി എംപിയുടെ സുരക്ഷാ ജീവനക്കാരുടെ അഴിഞ്ഞാട്ടം

ഉത്തര്‍പ്രദേശില്‍ ടോള്‍ പ്ലാസയില്‍ ബിജെപി എംപിയുടെ സുരക്ഷാ ജീവനക്കാര്‍ ടോള്‍ പ്ലാസ ജീവനക്കാരെ മര്‍ദിക്കുകയും ആകാശത്തേക്കു വെടിവയ്ക്കുകയും ചെയ്തതു. സംഭവത്തില്‍ എംപിക്കെതിരെ പോലീസ് കേസെടുത്തു. ശനിയാഴ്ച പുലര്‍ച്ചെ ആഗ്രയിലെ ടോള്‍ പ്ലാസയിലായിരുന്നു സംഭവം.
ഇറ്റാവയിലെ ബിജെപി എംപി രാം ശങ്കര്‍ കതേരിയയുടെ സുരക്ഷാ ജീവനക്കാരാണ് അതിക്രമം നടത്തിയത്. പുലര്‍ച്ചെ 3.52 ന് കതേരിയയും സംഘവും ആഗ്രയില്‍നിന്നും ഇറ്റാവയിലേക്ക് പോകുകയായിരുന്നു. ടോള്‍പ്ലാസയിലേക്ക് എത്തിയ എംപിയുടെ വാഹനവ്യൂഹത്തില്‍ അഞ്ച് കാറുകളും ഒരു ബസും ഉണ്ടായിരുന്നു. ടോള്‍ പ്ലാസ ജീവനക്കാര്‍ വാഹനങ്ങള്‍ ഓരോന്നായി കടന്നുപോകാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സുരക്ഷാജീവനക്കാര്‍ അത് ചെവിക്കൊണ്ടില്ല. ഇതോടെ തര്‍ക്കമായി. വാക്കുതര്‍ക്കം നടക്കുന്നതിനിടെ എംപിയുടെ സുരക്ഷാ ജീവനക്കാരിലൊരാള്‍ ആകാശത്തേക്ക് വെടിവച്ചു. ഇതിനിടെ ബിജെപി പ്രവര്‍ത്തകരിലൊരാള്‍ ടോള്‍പ്ലാസ ജീവനക്കാരനെ തൊഴിച്ചു. സഹായത്തിനെത്തിയ മറ്റൊരു ജീവനക്കാരനെ വടി ഉപയോഗിച്ച് അടിക്കുകയും വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസുകാരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആക്രമണം. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്.
https://www.facebook.com/Malayalivartha


























