ശശി തരൂരിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു; നിര്‍ണായകമായ പല സൂചനകളും ലഭിച്ചു; അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചതായി സംശയം

സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ചോദ്യം ചെയ്തു. ഇന്നലെ രാത്രി എട്ടുമണിയോടെ ഡല്‍ഹിയിലെ വസന്ത് വിഹാര്‍ പൊലീസ് സ്‌റ്റേഷനില്‍ ഹാജരായ തരൂരിനെ എസ്.ഐ.ടി ഡെപ്യൂട്ടി കമ്മിഷണര്‍ ഒഫ് പൊലീസ് (സൗത്ത്) പ്രേംനാഥ്, എ.ഡി.സി.പി പി.എസ്. കുശ്വാഹ എന്നിവരും രണ്ട് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന സംഘമാണ് ചോദ്യം ചെയ്തത്.
അന്‍പതോളം ചോദ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയിട്ടുള്ളതെന്ന് അറിയുന്നു. രാത്രി വൈകിയും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. മൂന്ന് ഘട്ടമായി ചോദ്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ചോദ്യം ചെയ്യലില്‍ സുനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പല നിര്‍ണായക സൂചനകളും പോലീസിന് ലഭിച്ചു. ഇനി അതില്‍ ഊന്നിയായിരിക്കും മറ്റുള്ളവരെ ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം ജനുവരി 17ന് ഹോട്ടല്‍ മുറിയില്‍ സുനന്ദയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ശേഷം ഇതാദ്യമായാണ് തരൂരിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടിന് മുന്‍പാകെ തരൂര്‍ മൊഴി നല്‍കിയിരുന്നു. ഈ മാസം ആദ്യം സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തശേഷം തരൂരിനെ ചോദ്യം ചെയ്യുന്നത് ഇതാദ്യമായിട്ടാണ്.
ഇന്നലെ ഉച്ചയോടെ ഡല്‍ഹിയില്‍ മടങ്ങിയെത്തിയ തരൂര്‍ ലോധി എസ്‌റ്റേറ്റിലെ ഔദ്യോഗിക വസതിയില്‍ ഒരു സംഘം അഭിഭാഷകരുമായി ചര്‍ച്ച നടത്തിയിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം ഉള്‍പ്പെടെ തേടുന്നതിനെക്കുറിച്ച് തരൂര്‍ നേരത്തെ കൂടിയാലോചനകള്‍ നടത്തിയിരുന്നു. എന്നാല്‍ കേസില്‍തന്നെ പ്രതിച്ചേര്‍ക്കുകയോ സംശയിക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം തേടേണ്ടതില്ലെന്നാണ് അഭിഭാഷകര്‍ നല്‍കിയ ഉപദേശം. ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ പൊലീസിന് നല്‍കേണ്ട മറുപടികളെക്കുറിച്ചും അഭിഭാഷകരുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് നിര്‍ണായകമായ വിവരങ്ങളാണ് തരൂരില്‍നിന്ന് പൊലീസ് തേടിയത്. കഴിഞ്ഞ വര്‍ഷം ജനുവരി 15ന് തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയില്‍ തരൂരും സുനന്ദയും വഴക്കിട്ടിരുന്നു. അന്ന് അതേ വിമാനത്തിലുണ്ടായിരുന്ന മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരിയും വഴക്കിന് സാക്ഷിയായിരുന്നു. സുനന്ദയ്ക്ക് ലൂപസ് രോഗമുണ്ടെന്ന് ഡോക്ടര്‍മാര്‍ മുഖേന അവരെ തരൂര്‍ ബോദ്ധ്യപ്പെടുത്തിയിരുന്നുവെന്നും ഇക്കാര്യം തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ തെറ്റാണെന്ന് തെളിഞ്ഞതാണ് തരൂരുമായി വഴക്കിടാന്‍ കാരണമെന്നുമാണ് സൂചന. സുനന്ദയ്ക്ക് ലൂപസ് രോഗമുണ്ടെന്ന് വ്യക്തമാക്കുന്ന ഇമെയിലുകള്‍ എയിംസ് അധികൃതര്‍ക്ക് തരൂര്‍ കൈമാറിയിരുന്നു. എന്നാല്‍ ഈ രോഗമെന്നല്ല, ഗുരതരമായ ഒരു രോഗവും സുനന്ദയ്ക്കില്ലായിരുന്നുവെന്നാണ് എയിംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്വേഷണം വഴിതെറ്റിക്കാന്‍ തരൂര്‍ ശ്രമിച്ചുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
അതേസമയം ശശി തരൂരിന് വേണ്ടി ഇടപെടേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. കൂടുതല്‍ കുഴപ്പത്തിലേക്ക് പോയാല്‍ വരുന്ന ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























