ബുക്കിങ് കുതിക്കുന്നു... പുതിയ വന്ദേഭാരത് എക്‌സ്പ്രസിൽ അടുത്ത പത്തു ദിവസത്തേക്കുള്ള ടിക്കറ്റുകൾ വിറ്റു തീർന്നു...

പുതിയ വന്ദേഭാരത് എക്‌സ്പ്രസിൽ ടിക്കറ്റിന് വൻ ഡിമാൻഡ്. ബംഗളുരു-കൊച്ചി വന്ദേഭാരതിൽ അടുത്ത പത്തു ദിവസത്തേക്കുള്ള ടിക്കറ്റുകൾ വിറ്റുതീർന്നു. എക്‌സിക്യൂട്ടീവ് ക്ലാസിൽ പത്ത് ദിവസത്തെ ടിക്കറ്റ് ബുക്കിങ് തീർന്നപ്പോൾ എ.സി ചെയർകാറിൽ 11, 16,17 തിയതികളിൽ ടിക്കറ്റില്ല. 13,14 തിയതികളിൽ ഉടൻ ടിക്കറ്റ് തീരുന്ന രീതിയിൽ ബുക്കിങ് കുതിക്കുന്നു.
നവംബർ 11ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ സാധാരണ സർവീസ് ആരംഭിക്കും. അതിനായുള്ള ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കുളളിലാണ് ടിക്കറ്റുകൾ വിറ്റുതീർന്നത്. എറണാകുളം-ബംഗളുരു വന്ദേ ഭാരത് ട്രെയിനിൽ എട്ട് കോച്ചുകളാണ് ഉള്ളത്.
എ.സി ചെയർ കാർ, എക്സിക്യൂട്ടീവ് എ.സി തുടങ്ങി ട്രെയിനിൽ രണ്ട് തരം ഇരിപ്പിട ക്രമീകരണങ്ങളുണ്ട്. എറണാകുളം-ബെംഗളൂരൂ എസി ചെയർ കാറിന് 1095 രൂപ വരെയും എസ് എക്സിക്യൂട്ടീവ് ചെയർ കാറിന് 2280 രൂപ വരെയും ആയിരിക്കും ടിക്കറ്റ് നിരക്ക്.
ട്രെയിൻ നമ്പർ 26651 ബാംഗ്ലൂർ-എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് രാവിലെ അഞ്ച് പത്തിന് കെ.എസ്.ആർ ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചക്ക് ഒന്ന് അമ്പതിന് എറണാകുളത്ത് എത്തിച്ചേരും. മടക്കയാത്രയിൽ, ട്രെയിൻ നമ്പർ 26652 എറണാകുളം-കെ.എസ്.ആർ ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഉച്ചക്ക് രണ്ട് ഇരുപതിന്എ റണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി മണിക്ക് കെ.എസ്.ആർ ബംഗളൂരുവിൽ എത്തിച്ചേരും.
എറണാകുളം- ബംഗളുരു എക്സ്പ്രസ് കോയമ്പത്തൂർ, പാലക്കാട് വഴിയാണ് ഓടുന്നത്. എറണാകുളത്തിനും ബെംഗളൂരുവിനും ഇടയിലുള്ള യാത്രയിൽ, ഈ വന്ദേ ഭാരത് ട്രെയിൻ കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിങ്ങനെ ഏഴ് സ്റ്റേഷനുകളിൽ നിർത്തുന്നതാണ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. വാരാണസിയിൽ നിന്ന് വീഡിയോ കോൺഫെറൻസിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha


























