മസാലദോശയുടെ തലതൊട്ടപ്പന് വിനയായത് അതിമോഹം; ശരവണഭവന്‍ ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന വ്യക്തിയുടെ മകള്‍ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കണമെന്ന് ആഗ്രഹിച്ചു; പണവും ഭീഷണിയും അനുനയവുമെല്ലാം പാഴായപ്പോൾ ഒടുവിൽ അതിമോഹം ആപത്തിൽ കലാശിച്ചു

കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടല്‍ ശൃംഖല ഉടമ പി. രാജഗോപാല്‍ ഒടുവിൽ മരണത്തിന് കീഴടങ്ങി. ശരവണ ഭവന്‍ ഉടമയായ പി. രാജഗോപാലിന് നായക പരിവേഷമാണുണ്ടായിരുന്നത്. എന്നാല്‍ സിനിമാകഥയെപ്പോലും വെല്ലുന്ന തരത്തില്‍ അത് മാറി മറഞ്ഞത് പെട്ടന്നായിരുന്നു.
കോടതി വിധിയെ മറികടക്കാൻ പലവഴികളും പരീക്ഷിച്ച ശരവണ ഭവൻ ഉടമ പി.രാജഗോപാലിന് ആ വിധി മാത്രം മറികടക്കാനായില്ല. ജീവനക്കാരന്റെ മകളെ വിവാഹം കഴിക്കുന്നതിനായി അവരുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട രാജഗോപാൽ, ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കീഴടങ്ങാനുള്ള സമയം നീട്ടണമെന്ന് അപേക്ഷിച്ചിരുന്നു. സുപ്രീം കോടതി അംഗീകരിച്ചില്ല. ആംബുലൻസിൽ ഓക്സിജൻ മാസ്ക് ധരിച്ചാണു രാജഗോപാൽ മദ്രാസ് ഹൈക്കോടതിയിൽ കീഴടങ്ങാനെത്തിയത്.
കോടതിക്കു പുറത്ത് ആംബുലൻസിൽ കിടന്ന രാജഗോപാലിനായി ആദ്യം അഭിഭാഷകരാണു കോടതിയിലെത്തിയത്. കേസ് പരിഗണിച്ച മൂന്നാം നിലയിലെ കോടതിയിലേക്കു കയറാൻ ബുദ്ധിമുട്ടുണ്ടെന്നും കീഴടങ്ങിയതായി കണക്കാക്കണമെന്നും അഭിഭാഷകർ അപേക്ഷിച്ചു. കോടതി അംഗീകരിക്കാതിരുന്നതിനെ തുടർന്നു സ്ട്രെച്ചറിൽ കിടത്തിയ രീതിയിലാണു രാജഗോപാൽ കീഴടങ്ങിയത്. പക്ഷേ, ജയിലിൽ കിടക്കേണ്ടി വന്നില്ല. ആരോഗ്യനില മോശമാണെന്ന ഡോക്ടർമാരുടെ റിപ്പോർട്ടിനെത്തുടർന്നു സ്റ്റാൻലി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ നിർദേശം ലഭിച്ചാലുടൻ പുഴൽ ജയിലിലേക്കു മാറ്റുമെന്നാണു പൊലീസ് അറിയിച്ചത്.
ശരവണഭവന്‍ ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന വ്യക്തിയുടെ മകള്‍ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കണമെന്നായിരുന്നു രാജഗോപാലിന്റെ ആഗ്രഹം. എന്നാല്‍, അദ്ദേഹത്തിന്റെ ആഗ്രഹം തള്ളി 1999 ല്‍ അവര്‍ ശാന്തകുമാറിനെ വിവാഹം ചെയ്യുകയായിരുന്നു. വിവാഹബന്ധം വേര്‍പെടുത്താന്‍ പലതവണ സമ്മര്‍ദം ചെലുത്തിയെങ്കിലും ഇരുവരും വഴങ്ങാതിരുന്നതിനെ തുടര്‍ന്നു കൊലപാതകത്തിന് എട്ടംഗ വാടക കൊലയാളി സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു. ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കൊടൈക്കനാലിലെ വനത്തില്‍ തള്ളിയെങ്കിലും പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു.
യു.എസ്, യു.കെ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ അടക്കം 20 രാജ്യങ്ങളില്‍ ശരവണഭവന് റസ്റ്ററന്റുകളുണ്ട്. ഇന്ത്യയില്‍ മാത്രം 25 റസ്റ്ററന്റുകളാണുള്ളത്. ഇരുപതെണ്ണം ചെന്നൈയില്‍. മാന്‍ഹാട്ടനിലടക്കം രാജ്യത്തിന് പുറത്ത് 47 എണ്ണം. തൂത്തുക്കുടിയിലെ കര്‍ഷകന്റെ മകനായി ജനിച്ച രാജഗോപാലിന്റെ വളര്‍ച്ചയെ ആദരവോടെയാണു തമിഴ്‌നാട്ടുകാര്‍ കണ്ടത്. 1981 ല്‍ ചൈന്നെ കെ.കെ. നഗറിലെ ചെറിയ ഹോട്ടലില്‍നിന്നായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. അതിവേഗമായിരുന്നു രാജഗോപാലിന്റെ വളര്‍ച്ച. 1981 ല്‍ ചെന്നൈ നഗരത്തിലെ കെ കെ നഗറില്‍ പലചരക്ക് കട നടത്തിയ രാജഗോപാല്‍ ജ്യോതിഷ വിധി പ്രകാരമായിരുന്നു ഹോട്ടല്‍ വ്യവസായത്തിലേക്ക് തിരിഞ്ഞത്.
രുചിയും വൃത്തിയും കൈമുതലാക്കി കാമാച്ചി ഭവന്‍ എന്ന കൊച്ച് ഭക്ഷണശാല ഏറ്റെടുത്തു ബിസിനസ് തുടങ്ങി. ശരവണ ഭവന്‍ എന്നാണ് അതിന് പേരിട്ടത്. ഗുണനിലവാരവും കുറഞ്ഞ വിലയിലുള്ള ഭക്ഷണവും നല്‍കി. ആദ്യമൊക്കെ നഷ്ടമായിരുന്നെങ്കിലും പതിയെ രക്ഷപ്പെട്ടു തുടങ്ങി. രുചിയും വൃത്തിയും വലിയ ജനപ്രീതിയുണ്ടാക്കി. വെളിച്ചെണ്ണയാണ് പ്രധാന പാചക എണ്ണ. ഇഡ്ഡലിയിലും മസാല ദോശയിലും ശരവണ ഭവന്‍ ചരിത്രം രചിച്ചു. രാജ്യത്താകമാനം മുപ്പത് ബ്രാഞ്ചുകള്‍. അവയിലൊന്ന് ഡല്‍ഹിയില്‍.
ഇതിനിടെയാണു ശരവണഭവനിലെ തന്നെ ജീവനക്കാരനായ രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയെ പരിചയപ്പെടുന്നത്. അപ്പോള്‍ രാജഗോപാലിനു രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്നു. അന്നവള്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി. തന്റെ സഹോദരന്റെ ട്യൂഷന്‍ മാസ്റ്റര്‍ പ്രിന്‍സ് ശാന്തകുമാറുമായി അവള്‍ പ്രേമത്തിലായിരുന്നു. പലതവണ പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും ജീവജ്യോതി വഴങ്ങിയില്ല. രാജഗോപാലിന്റെ ശല്യം സഹിക്കാനാകാതെ 1999 ല്‍ അവര്‍ ഒളിച്ചോടി വിവാഹം കഴിച്ചു. രാജഗോപാല്‍ വിട്ടില്ല. പണവും സ്വര്‍ണ്ണവും വസ്ത്രങ്ങളും നല്കി പ്രലോഭിപ്പിച്ചു. അവള്‍ തിരികെ പോയില്ല.
ശാന്തകുമാറിനു ശരവണഭവനില്‍ ജോലി നല്‍കിയായിരുന്നു രാജഗോപാലിന്റെ അടുത്ത കരുനീക്കം. 2001 ലാണ് അദ്ദേഹം ജോലി സ്വീകരിച്ചത്. ആദ്യം ശാന്തകുമാറുമായി അടുപ്പമുണ്ടാക്കി. പിന്നീട് വിവാഹബന്ധം വേര്‍പെടുത്താനുള്ള സമ്മര്‍ദം തുടങ്ങി. ഒടുവില്‍ ഭീഷണിയുടെ സ്വരവും രാജഗോപാല്‍ പുറത്തെടുത്തു. പക്ഷേ, ഇരുവരും വഴങ്ങിയില്ല. ഒടുവില്‍ ശല്യം സഹിക്കാതെ ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കി.
രാജഗോപാലിന് പക വളര്‍ന്നു. ജീവജ്യോതിയെ ഉപേക്ഷിക്കാന്‍ പറഞ്ഞ് ശാന്തകുമാറിനെ ഭീഷണിപ്പെടുത്തി. ദമ്പതികള്‍ വീണ്ടും ഒളിച്ചോടി. രാജഗോപാലിന്റെ ഗുണ്ടകള്‍ അവരെ പിന്തുടര്‍ന്നു. ബ്രാഞ്ച് മാനേജര്‍ ദാനിയേല്‍ നയിച്ച അഞ്ചംഗ സംഘം അവരെ പിടികൂടി. ശരവണ ഭവന്റെ വെയര്‍ ഹൗസിലടച്ചു. അവിടെ രാജഗോപാല്‍ ശാന്തകുമാറിനെ മര്‍ദ്ദിച്ചു. ജീവജ്യോതി അയാളുടെ കാലില്‍ വീണ് കെഞ്ചി. തടവില്‍ നിന്ന് രക്ഷപ്പെട്ട അവരെ വീണ്ടും പിടികൂടി. ശാന്തകുമാറിനെ കൊല്ലാന്‍ രാജഗോപാല്‍ അഞ്ച് ലക്ഷം രൂപ ദാനിയേലിന് നല്കി. എന്നാല്‍ അതില്‍ നിന്ന് അയ്യായിരം ശാന്തകുമാറിന് നല്കി ബോംബെയിലേക്ക് രക്ഷപ്പെടാന്‍ ദാനിയേല്‍ പറഞ്ഞു. എന്നാല്‍ ജീവജ്യോതി ശാന്തകുമാറിനെ മടക്കി വിളിച്ചു.
സമാധാനമായി ജീവിക്കാന്‍ രാജഗോപാലിന്റെ കാല് പിടിച്ചു യാചിക്കാമെന്ന് പറഞ്ഞു. ജീവജ്യോതിയും കുടുംബവും വീണ്ടും ശാന്തകുമാറിനെ രാജഗോപാലിന് മുന്നില്‍ കൊണ്ടുവന്നു. ദാനിയേലിന്റെ ചതി പുറത്തായി. എല്ലാവരേയും ദൂരെ ഒരു ഗ്രാമത്തിലേക്കാണ് അയച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ ശാന്തകുമാറിനെ കാണാതായി. 2001 ഒക്‌ടോബറില്‍ കൊെടെക്കനാല്‍ പേരുമലയിലെ കാട്ടിലാണു ശാന്തകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. അജ്ഞാതനെന്നു കരുതി മുനിസിപ്പല്‍ ശ്മശാനത്തില്‍ മറവു ചെയ്തു.
ശാന്തകുമാര്‍ പണം വാങ്ങി മുങ്ങിയെന്നായിരുന്നു ജ്യോതിയോട് പറഞ്ഞിരുന്നത്. എന്നാല്‍ വിധവാ പൂജ നടത്തിയത് അവളില്‍ സംശയമുണ്ടാക്കി. പോലീസില്‍ പരാതി കൊടുത്തു. കൊടൈക്കനാലിലെ അജ്ഞാഞാത ജഡം ശാന്തകുമാറിന്റേതാണെന്നു തിരിച്ചറിഞ്ഞു. കഴുത്ത് ഞെരിച്ചുള്ള കൊലപാതകമായിരുന്നു. തുടരന്വേഷണം രാജഗോപാലിലെത്തി. വാടകക്കൊലയാളികളായ ഡാനിയല്‍, കാര്‍മഘം, സാക്കിര്‍ ഹുെസെന്‍, കാശി വിശ്വനാഥന്‍, പട്ടുരാജന്‍ എന്നിവരുടെ സഹായത്തോടെയാണു കൊലപാതകമെന്നു പിന്നീട് പോലീസ് കണ്ടെത്തി. ദാനിയേലും സംഘവും ആദ്യവും രാജഗോപാല്‍ പിന്നീടും കീഴടങ്ങി. കോടതികള്‍ ശിക്ഷിച്ചെങ്കിലും രണ്ടു പേരും ജാമ്യത്തിലിറങ്ങി.
ജീവജ്യോതിക്ക് ആറ് ലക്ഷം രൂപ കൊടുത്ത് കേസൊതുക്കാന്‍ ശ്രമം നടത്തി. പണവും ഭീഷണിയും അനുനയവുമെല്ലാം ഉണ്ടായെങ്കിലും ജീവജ്യോതി ഉറച്ചു നിന്നതോടെ വിചാരണക്കോടതി രാജഗോപാലിന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇതിനെതിരായ അപ്പീലില്‍ മദ്രാസ് ഹൈക്കോടതി ശിക്ഷ ജീവപര്യന്തം തടവ്ശിക്ഷയാക്കി. ഇതിനിടെ 2009ല്‍ ചികിത്സയ്‌ക്കെന്ന പേരില്‍ രാജഗോപാല്‍ ജാമ്യവും നേടിയിരുന്നു. തുടര്‍ന്നാണു വിധിക്കെതിരേ രാജഗോപാല്‍ സുപ്രീംകോടതിയെ സമീപിച്ചത്.
പണവും സ്വാധീനവും ഉപയോഗിച്ച് രാജഗോപാൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മദ്രാസ് ഹൈക്കോടതിയും സുപ്രീംകോടതിയും രാജഗോപാലിന്റെ ശിക്ഷ ശരിവച്ചതോടെ ജീവജ്യോതി, സത്യത്തിന്റെ ജ്യോതിയായി. മരണമെന്ന അന്തിമവിധിയോട് കണ്ണുകൊണ്ടു പോലും ഇടയാനാകാതെ രുചിയുടെ തൊട്ടപ്പനും യാത്രയായി.
https://www.facebook.com/Malayalivartha























