കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നാളെ തന്നെ വിശ്വാസം തെളിയിക്കണമെന്ന് ഗവർണർ വാജുഭായി വാല ആവശ്യപ്പെട്ടു ; കർണാടക നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നാളെ തന്നെ വിശ്വാസം തെളിയിക്കണമെന്ന് ഗവർണർ വാജുഭായി വാല ആവശ്യപ്പെട്ടു. നാളെ ഉച്ചയ്ക്ക് 1.30ന് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണമെന്ന ഗവർണറുടെ നിർദ്ദേശം സ്പീക്കർ തള്ളിയിരുന്നു. കർണാടക നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
അതേസമയം സഭയിൽ നിന്ന് മടങ്ങാൻ തയ്യാറാകാത്ത ബി.ജെ.പി അംഗങ്ങളുടെ ധർണ തുടരുകയാണ്. ഇന്നുരാത്രി മുഴുവൻ സഭയിൽ ധർണ തുടരുമെന്ന് ബി.ജെ.പി നേതാവ് യെദ്യൂരപ്പ പറഞ്ഞു. എം.എൽ.എമാർക്ക് വേണ്ടി തലയണകളും മെത്തയും ആഹാരവും എത്തിക്കാൻ യെദ്യൂരപ്പ നിർദ്ദേശം നൽകി. വനിതാ എം.എൽ.എമാർ 9 മണിക്ക് സഭ വിടുമെന്നും സൂചനയുണ്ട്. സഭ നാളെ 11 മണിക്ക് വീണ്ടും ചേരുമെന്ന് സ്പീക്കർ രമേശ്‌കുമാർ അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസത്തെ ഉത്തരവിൽ വിപ്പ് സംബന്ധിച്ച് വ്യക്തത തേടാനായി കോണ്‍ഗ്രസ് നാളെ സുപ്രീം കോടതിയെ സമീപിക്കും. വിപ്പ് നല്‍കുന്നതിൽ വ്യക്തത വന്നിട്ട് വിശ്വാസ വോട്ടെടുപ്പ് മതിയെന്ന നിലപാടിലാണ് പാർട്ടി. വിശ്വാസ പ്രമേയത്തിൽ ഇന്ന് തന്നെ നടപടികൾ പൂർത്തിയാക്കണമെന്ന് ഗവർണർ നേരത്തെ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് സഭാ നടപടികൾ നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ അയച്ചു. വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണമെന്ന് നിർദ്ദേശം നൽകാൻ ഗവർണർക്ക് അധികാരമില്ലെന്നാണ് കോൺഗ്രസിന്റെ വാദം.
https://www.facebook.com/Malayalivartha























