ചാട്ടം 'പിഴച്ച' കടുവയെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി, വ്യാഴാഴ്ച രാവിലെ ചത്തനിലയില്‍ കണ്ടെത്തി

മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയിലെ ചന്ദ്രപുര്‍ ജില്ലയില്‍ സിര്‍ണ പുഴയ്ക്കു സമീപം 35 അടി ഉയരമുള്ള പാലത്തില്‍ നിന്നുള്ള ചാട്ടത്തിനിടെ ബുധനാഴ്ചയാണ് കടുവ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിയത്.
ഇരപിടിത്തത്തിനു പിന്നാലെ വിശ്രമസ്ഥലം തേടിയുള്ള കടുവയുടെ ചാട്ടമാണ് 'പിഴച്ചത്'. ബുധനാഴ്ച തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
കടുവയ്ക്കു സമീപം കൂട് ഇറക്കിവച്ച് അതില്‍ കയറ്റി രക്ഷിക്കാനായിരുന്നു ശ്രമം. രാത്രി രക്ഷാപ്രവര്‍ത്തനം വെളിച്ചക്കുറവു മൂലം നിര്‍ത്തിവച്ചെങ്കിലും നിരീക്ഷണത്തിനു ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു.
എന്നാല്‍ വ്യാഴാഴ്ച രാവിലെ കടുവയുടെ ചലനം ശ്രദ്ധയില്‍പ്പെടാത്തതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു. നട്ടെല്ലിനു സംഭവിച്ച പരുക്കാണ് മരണകാരണമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൂട്ടില്‍ കയറാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി കൂട് വലിച്ചുനീക്കവേ കടുവയുടെ പല്ലുകള്‍ക്കും പരുക്കേറ്റിരുന്നു. കടുവയുടെ ജഡം പാറക്കെട്ടില്‍ നിന്നു കരകയറ്റിയെന്നും മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ലഭിക്കുമെന്നും ചന്ദ്രപുര്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എസ്.വി.രാമറാവു പറഞ്ഞു.
https://www.facebook.com/Malayalivartha