ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ രാജ്യം വിട്ട സ്ത്രീകളും കുട്ടികളും അടക്കമുള്ള മലയാളികള്‍ കീഴടങ്ങുന്നു

ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങളാകാന്‍ നാടുവിട്ട 22 അംഗ സംഘം അഫ്ഗാന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. മലയാളികളടങ്ങുന്ന സംഘത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായാണ് വിവരം. 22 അംഗ സംഘത്തില്‍ പത്തിലേറെ പേര്‍ മലയാളികളാണെന്നാണ് അറിയുന്നത്. വാര്‍ത്ത, കേന്ദ്ര പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
മതപഠനത്തിനും ശ്രീലങ്കയില്‍ വ്യാപാരത്തിനെന്നുമൊക്കെ പറഞ്ഞു 21 പേര്‍ വീടുവിട്ടിറങ്ങിയത് 2016 ജൂണിലാണ്. ഇവര്‍ പിന്നീടു തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍ റാഷിദിന്റെ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തില്‍ എത്തിയതായി കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ചിലര്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ പലപ്പോഴായി കൊല്ലപ്പെട്ടതായി പിന്നീടു ടെലിഗ്രാം സന്ദേശങ്ങള്‍ വഴി നാട്ടില്‍ വിവരം ലഭിച്ചു. കഴിഞ്ഞ 3 മാസത്തിലേറെയായി ആരുടെയും വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.
ഐഎസ് ഭീകരര്‍ക്കെതിരായ ആക്രമണം യുഎസ് സൈനികരുടെ പിന്തുണയോടെ അഫ്ഗാന്‍ ശക്തമാക്കിയതോടെയാണ് കീഴടങ്ങല്‍. അഫ്ഗാനിസ്ഥാനിലെ അഛിന്‍ ജില്ലയിലാണ് സംഘം കീഴടങ്ങിയതെന്നും മന്ത്രാലയം വ്യക്തമാക്കി. ഇവര്‍ വീട്ടുതടങ്കലിലാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha
























