പ്രിയങ്ക ഗാന്ധിയെ പിറകിലിരുത്തി ഹെൽമെറ്റ് വെക്കാതെ ഇരുചക്രവാഹനം ഓടിച്ചതിന് കോൺഗ്രസ് പ്രവർത്തകന് 6100 രൂപ പിഴ

ഹെൽമെറ്റ് വെക്കാതെ ഇരുചക്രവാഹനം ഓടിച്ചതിന് കോൺഗ്രസ് പ്രവർത്തകന് 6100 രൂപ പിഴ. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധ്രയെ സ്കൂട്ടറിൽ കയറ്റി യാത്ര ചെയ്ത പാർട്ടി പ്രവർത്തകൻ ധീരജ് ഗുജ്റാറിനെതിരെയാണ് പിഴ ചുമത്തിയിട്ടുള്ളത്. മുൻ ഐപിഎസ് ഓഫീസർ എസ്ആർ ധാരാപുരിയുടെ വീട്ടിലേക്ക് പ്രിയങ്കയെ ബൈക്കിൽ കൊണ്ടുപോക്കുകയായിരുന്നു ജഹാസ്പൂർ എംഎൽഎ ഗുജ്റാർ.
ഇരുവരും ഹെൽമെറ്റ് ധരിക്കാതെയാണ് സ്കൂട്ടറിൽ സഞ്ചരിച്ചത്. 2,500 രൂപ ഡ്രൈവിംഗ് ലൈസൻസ് സൂക്ഷിക്കാത്തതിനും 500 രൂപ വീതം ഹെൽമെറ്റ് ഇല്ലാത്തതിനും 300 രൂപ ഗതാഗതനിയമങ്ങൾ പാലിക്കാത്തതിനുമാണ് ചുമത്തിയിട്ടുള്ളത്. തെറ്റായ നമ്പർ പ്ലേറ്റ് ഉപയോഗിച്ചതിന് 300 രൂപയും സാഹസികമായി വണ്ടിയോടിച്ചതിന് 2500 രൂപയുമാണ് ചുമത്തിയിട്ടുള്ളത്. ഇതോടെയാണ് ഗതാഗത നിയമലംഘനത്തിനെതിരെ യുപി പോലീസ് നടപടി സ്വീകരിച്ചത്.
പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ മുൻ ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെ പ്രിയങ്ക സഞ്ചരിച്ച വാഹനം പോലീസ് തടഞ്ഞിരുന്നു. ഇതോടെ കോൺഗ്രസ് പ്രവർത്തകന്റെ ബൈക്കിൽ പ്രിയങ്ക ഗാന്ധി യാത്ര തുടരുകയായിരുന്നു. എന്നാൽ ബൈക്കും പോലീസ് തടഞ്ഞതോടെ നടന്ന് പ്രിയങ്ക ഗാന്ധി മുൻ ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തി. പാർട്ടി പ്രവർത്തകനൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച തന്നെ പോലീസ് വളഞ്ഞെന്നും കയ്യേറ്റം ചെയ്തെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചിരുന്നു. യുപി പോലീസിന്റെ ഭാഗത്തുനിന്ന് സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് പ്രിയങ്കാ ഗാന്ധി പിന്നീട് സിആർപിഎഫിന് പരാതിയും നൽകിയിരുന്നു.
യാത്രക്കിടെ പോലീസ് വാഹനം മുന്നിൽ നിർത്തിയെന്നും യാത്ര തുടരാൻ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചെന്നുമാണ് പ്രിയങ്ക ചൂണ്ടിക്കാണിക്കുന്നത്. പോകാൻ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് അറിയിച്ചെന്നും അവർ കൂട്ടിച്ചേർക്കുന്നു.
അതേസമയം പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് കൈയേറ്റം ചെയ്തതായുള്ള ആരോപണത്തില്‍ വിശദീകരണവുമായി സി.ആര്‍.പി.എഫ് രംഗത്തെത്തി. പ്രിയങ്ക ഗാന്ധി പ്രോട്ടോകോള്‍ ലംഘിച്ചെന്നും എന്നാല്‍, സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും സി.ആര്‍.പി.എഫ് പറയുന്നു.
https://www.facebook.com/Malayalivartha