ഇന്ത്യയുടെ സമ്പദ്ഘടന മോശമായതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവരണമെന്നും വംശീയത, മതം തുടങ്ങിയ സ്‌ഫോടനാത്മകമായ കാര്യങ്ങളില്‍ നിന്നും പിന്‍മാറണമെന്നും അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ സ്റ്റീവ് ഹാന്‍കെ

ഇന്ത്യയുടെ സമ്പദ്ഘടന മോശമായതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവരണമെന്നും വംശീയത, മതം തുടങ്ങിയ സ്‌ഫോടനാത്മകമായ കാര്യങ്ങളില്‍ നിന്നും പിന്‍മാറണമെന്നും അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ സ്റ്റീവ് ഹാന്‍കെ. അല്ലാത്തപക്ഷം 2020ല്‍ അഞ്ചു ശതമാനം ജി.ഡി.പി വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യ ഏറെ ബുദ്ധിമുട്ടുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ക്രഡിറ്റ് ചോര്‍ച്ച കാരണമാണ് കഴിഞ്ഞ ഏതാനും പാദങ്ങളില്‍ ഗണ്യമായ ഇടിവുണ്ടായത്. മോദി സര്‍ക്കാര്‍ വരുംമുമ്പേ ഇന്ത്യയില്‍ സുസ്ഥിരമല്ലാത്ത വായ്പാ കുതിച്ചുചാട്ടം ഉണ്ടായിരുന്നു. അതിപ്പോഴാണ് തിരിച്ചടിയായത്. രാജ്യത്തെ പല ബാങ്കുകളും വലിയതോതില്‍ നിഷ്‌ക്രിയ വായ്പകളുടെ കൂമ്പാരമായി മാറി. അതില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ സര്‍ക്കാരിന് വലിയ പങ്കുണ്ട്.
വായ്പകള്‍ നല്‍കി പ്രതിസന്ധിയിലായതില്‍ ഏറെയും ദേശസാല്‍കൃത ബാങ്കുകളാണ്. ഇപ്പോഴത്തെ മാന്ദ്യം വരുത്തിവച്ചതാണ്. ക്രെഡിറ്റ് ചോര്‍ച്ചയാണ് പ്രധാന കാരണം. ഒരു ഘടനാപരമായ പ്രശ്‌നമല്ലാത്തതിനാല്‍ 2020 ല്‍ ജിഡിപി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമാക്കാന്‍ ഇന്ത്യ ബുദ്ധിമുട്ടുമെന്നും സ്റ്റീവ് ഹാന്‍കെ പറഞ്ഞു. ലോകത്തെ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി ഈയിടെ പ്രശംസിക്കപ്പെട്ടിരുന്ന ഇന്ത്യ, 2019-20 സെപ്റ്റംബര്‍ പാദത്തില്‍ വളര്‍ച്ചാ നിരക്ക് ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനമായി കൂപ്പ്കുത്തിയിരുന്നു. നിക്ഷേപ രംഗത്താണ് ആദ്യം മാന്ദ്യം സംഭവിച്ചത്. പിന്നീടത് ഉപഭോഗത്തിലേക്ക് വ്യാപിച്ചു. ഗ്രാമീണ കുടുംബങ്ങള്‍ക്കിടയിലെ സാമ്പത്തിക സമ്മര്‍ദ്ദവും തൊഴിലവസരങ്ങള്‍ ദുര്‍ബലമായതുമാണ് ഇതിന് പ്രധാന കാരണങ്ങള്‍.
വലിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതില്‍ മോദി സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാമായിരുന്നെന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ സമിതിയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള സ്റ്റീവ് ഹാന്‍കെ പറഞ്ഞു. ക ര്‍ശനവും ആവശ്യമുള്ളതുമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കണം. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതും സ്‌ഫോടനാത്മകവുമായ കാര്യങ്ങളില്‍ നിന്ന് പിന്‍മാറണം. വംശീയതയും മതവും മാരകമായ മിശ്രണമാണ്. അതില്‍ നിന്നുള്ള ശ്രദ്ധമാറ്റി. സാമ്പത്തികമായി മുന്നേറാനുള്ള വഴികള്‍ ആലോചിക്കണം. അതിന് കഴിവുള്ള സാമ്പത്തികവിദഗ്ധര്‍ ഇന്ത്യയിലുണ്ട്. അവരുമായി കൂടിയാലോചനകള്‍ നടത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പൗരത്വഭേദഗതി നിയമത്തിനെതിരായി രാജ്യമെമ്പാടും ദിവസങ്ങളോളം പ്രക്ഷോഭം നടന്നപ്പോള്‍ ചില സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ചെയ്തിരുന്നു. അതോടെ വ്യവസായിക ലോകത്തിനടക്കം കോടിക്കണക്കിന് രൂപയുടെ സാമ്പത്തികനഷ്ടമാണ് സംഭവിച്ചത്. ഇകൊമേഴ്‌സ് ബിസ്സിനസ് പൂര്‍ണമായും സ്തംഭിച്ചിരുന്നു. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും തങ്ങളുടെ പൗരന്‍മാരോട് ഇന്ത്യസന്ദര്‍ശിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചു. അതോടെ പുതുവത്സര ആഘോഷത്തിനടക്കം വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. ഇതും സാമ്പത്തിക, വ്യവസായ, കച്ചവട മേഖലയെ ബാധിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha