‘കോലം വരച്ച് പ്രതിഷേധിച്ചവര്‍ക്ക് പാക് ബന്ധമെന്ന് ആരോപണം; സമൂഹ മാധ്യമ അക്കൗണ്ടുകളുടെ സ്ക്രീൻഷോട്ട് തെളിവായി ഉയര്‍ത്തിക്കാട്ടി ചെന്നൈ പൊലീസ്

തമിഴ്നാട്ടിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ കോലം വരച്ച് പ്രതിഷേധിച്ചവര്‍ക്ക് പാക് ബന്ധമുണ്ടെന്ന ആരോപണവുമായി ചെന്നൈ പൊലീസ് രംഗത്ത്. പ്രതിഷേധക്കാരിൽ ചിലരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളുടെ സ്ക്രീൻഷോട്ട് തെളിവായി ഉയര്‍ത്തിക്കാട്ടിയാണ് ചെന്നൈ പൊലീസിന്റെ ആരോപണം.
ചെന്നൈയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോലം വരച്ച് പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധക്കാരെ ജാമ്യത്തിലിറക്കാന് ചെന്ന അഭിഭാഷകരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് ശേഷം നിരവധി ആളുകളാണ് അറസ്റ്റ് ചെയ്തവര്ക്ക് പിന്തുണയുമായി കോലം വരച്ച് പ്രതിഷേധിച്ചത്. ഇത് തമിഴ്നാട്ടിൽ വൻ ജനശ്രദ്ധ നേടിയിരുന്നു. ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, കനിമൊഴി തുടങ്ങി പ്രമുഖ നേതാക്കളും തങ്ങളുടെ വീട്ടുമുറ്റത്ത് കോലം വരച്ച് പ്രതിഷേധിച്ചിരുന്നു. പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു. തൊട്ടടുത്ത ദിവസം തമിഴ്‌നാട്ടിൽ എല്ലായിടത്തും സമാന പ്രതിഷേധങ്ങൾ ഉയര്‍ന്നിരുന്നു. ഇത് പൊലീസിന് കനത്ത നാണക്കേടുണ്ടാക്കി.
ഇതിന് പിന്നാലെയാണ് കോലം വരച്ച് പ്രതിഷേധിച്ചവര്‍ക്ക് പാക് ബന്ധമെന്ന പുതിയ ആരോപണവുമായി പൊലീസ് രംഗത്ത് എത്തിയിരിക്കുന്നത്. പാകിസ്ഥാനിലെ അസോസിയേഷൻ ഓഫ് സിറ്റിസൺ ജേണലിസ്റ്റ് എന്ന ഫെയ്സ്ബുക്ക് പേജിൽ ഇവര്‍ അംഗങ്ങളാണെന്നും പ്രതിഷേധക്കാരെ നിരീക്ഷിക്കുകയാണെന്നും ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ എകെ വിശ്വനാഥൻ പറഞ്ഞു.
കോലമെഴുതി പ്രതിഷേധിച്ചവരും നേതൃത്വം നൽകിയവരും ഇത്തരം ബന്ധമുള്ളവരെന്ന് പൊലീസ് പറഞ്ഞു. ചില വീട്ടുകാര്‍ ഇവരോട് കോലമെഴുതരുതെന്ന് ആവശ്യപ്പെട്ടത് തര്‍ക്കത്തിലേക്ക് വഴിവെച്ചതോടെയാണ്, ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയതെന്നും പൊലീസ് പറഞ്ഞു. പ്രതിഷേധക്കാരോട് പാകിസ്ഥാനിലേക്ക് പോകാൻ പൊലീസ് പറഞ്ഞത് നേരത്തെ വിവാദമായിരുന്നു.
https://www.facebook.com/Malayalivartha