ഭരണഘടനയെ അനുസരിച്ചാണു തന്റെ പോരാട്ടം... അതു തുടരുക തന്നെ ചെയ്യും.... ഭരണഘടന വായിക്കുന്നത് എങ്ങനെയാണു കുറ്റകരമാകുന്നതെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്

ഭരണഘടന വായിക്കുന്നത് എങ്ങനെയാണു കുറ്റകരമാകുന്നതെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഒരു മാസത്തെ ജയില്‍വാസത്തിനു ശേഷം ജാമ്യത്തിലിറങ്ങി മാധ്യമങ്ങളോടു സംസാരിക്കവെയാണ് ആസാദ് ഈ ചോദ്യമുന്നയിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയെ അനുസരിച്ചാണു തന്റെ പോരാട്ടം. അതു തുടരുകതന്നെ ചെയ്യും. ഭരണഘടനയുടെ ആമുഖം വായിക്കുന്നത് എങ്ങനെയാണു കുറ്റകരമാകുന്നത്.
ഡല്‍ഹി പോലീസ് കേന്ദ്രത്തിന്റെ താളത്തിനു തുള്ളുകയാണെന്നും ആസാദ് പറഞ്ഞു. തനിക്കു മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ കോടതിയെ സമീപിക്കുമെന്നും നീതിന്യായ വ്യവസ്ഥയില്‍ തനിക്കു വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ജീവിച്ചിരിക്കുന്നിടത്തോളം ഭരണഘടനയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ആസാദ് പിന്നീട് ട്വിറ്ററില്‍ എഴുതി.
ഡല്‍ഹി തീസ് ഹസാരി കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ജയില്‍ മോചിതനായത്. വന്‍ സ്വീകരണമാണ് ജയിലിനു പുറത്ത് ആസാദിന് അണികള്‍ നല്‍കിയത്. തീസ് ഹസാരി കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാമിനി ലാവ് ആണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.
നാലാഴ്ച ഡല്‍ഹിയിലേക്കു കടക്കരുതെന്നത് അടക്കമുള്ള ഉപാധികളോടെയാണു ജാമ്യം. 25,000 രൂപ വ്യക്തിഗത ബോണ്ട് കെട്ടിവയ്ക്കണം. ഒരു മാസത്തേക്കു പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും ഉപാധികളില്‍ പറയുന്നു. ഡല്‍ഹി ജുമാ മസ്ജിദ് സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന് ആസാദിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതു കോടതി അംഗീകരിച്ചു.
https://www.facebook.com/Malayalivartha























