അബോര്‍ഷൻ കാലാവധി 24 ആഴ്ചയായി ഉയര്‍ത്തി; നിയമം പരിഷ്‌കരിക്കാന്‍ കേന്ദ്രം, മന്ത്രിസഭയുടെ അംഗീകാരം

ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുവദനീയമായ കാലയളവ് 24 ആഴ്ചയായി ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. ഇതോടുകൂടി ആറുമാസം വരെ ഗര്‍ഭച്ഛിദ്രം നടത്താൻ കഴിയും. നേരത്തേ ഇത് 20 ആഴ്ചയായിരുന്നു (അഞ്ച് മാസം) അനുവദനീയമായ കാലയളവ്. ബില്ല് ഫെബ്രുവരി 1-ന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. പുരോഗമനപരമായ ഈ തീരുമാനം മാതൃമരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.
സ്വന്തം തീരുമാനപ്രകാരം ഗര്‍ഭാവസ്ഥ തുടരണോ വേണ്ടയോ എന്ന് സ്ത്രീകള്‍ക്ക് തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും, അത്തരം സാഹചര്യത്തില്‍ സ്വതന്ത്രമായും സുരക്ഷിതമായും ഗര്‍ഭം അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നതാണ് ഈ ബില്ലെന്നും ജാവഡേക്കര്‍ വ്യക്തമാക്കി.
അഞ്ചു മാസം വരെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കുന്ന, 1971ല്‍ പാസാക്കിയ നിയമമാണ് രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ളത്. ആരോഗ്യപരമായ കാരണങ്ങളാലടക്കം കുട്ടിയുടെ വളര്‍ച്ചയില്‍ എന്തെങ്കിലും പാകപ്പിഴ കണ്ടെത്തിയാല്‍, അഞ്ച് മാസം കഴിഞ്ഞിട്ടാണ് അത് കണ്ടെത്തുന്നതെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ നിലവിലെ നിയമപ്രകാരം കഴിയില്ല.
ബലാത്സംഗത്തിനിരയായ കുട്ടികള്‍ക്കോ, പ്രായപൂര്‍ത്തിയാവാത്തവര്‍ക്കോ ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കോ ഗര്‍ഭാവസ്ഥയെക്കുറിച്ച് ഉടനെത്തന്നെ അറിയാന്‍ സാധ്യതയില്ല. അങ്ങനെയുള്ളവര്‍ക്ക് ആറ് മാസത്തിനകം സ്വതന്ത്രമായി ഗര്‍ഭച്ഛിദ്രം നടത്താനും ഇത് വഴി കഴിയുമെന്നും പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























