പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്...
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. മാതൃമരണ നിരക്ക് കുറച്ചുകൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. പെണ്‍കുട്ടികള്‍ക്കിടയിലെ വിദ്യാഭ്യാസ നിലവാരത്തില്‍ വലിയ വര്‍ധനയുണ്ട്. അതിനാല്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ കൂടുതല്‍ അവസരം നല്കി, അമ്മയാവുന്ന പ്രായം ഉയര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' പദ്ധതി വഴിയാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസനിലവാരം ഉയരാന്‍ ഇടയായതെന്നും മന്ത്രി അവകാശപ്പെട്ടു.
എലമെന്ററി ലെവലില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മികച്ചതാണെന്ന് നിര്‍മലാ സീതാരാമന് ചൂണ്ടിക്കാട്ടി. 93.82 ശതമാനമാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം. ആണ്‍കുട്ടികളില്‍ ഇത് 89.28 ശതമാനം മാത്രമേയുള്ളൂ. സെക്കന്ററി ലെവലില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം 81.32 ആണെങ്കില്‍, ആണ്‍കുട്ടികളുടേത് 78 ശതമാനം മാത്രമാണ്. ഹയര്‍ സെക്കന്ററി ലെവലില്‍ 59.70 ശതമാനമാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസനിലവാരം. ആണ്‍കുട്ടികളുടേത് 57.54 ശതമാനം മാത്രം. 1978-ലാണ് ഏറ്റവുമൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ വിവാഹപ്രായം ഉയര്‍ത്തിയത്. 15-ല്‍ നിന്ന് 18 ആക്കിയാണ് ഉയര്‍ത്തിയത്.
പെണ്‍കുട്ടികള്‍ കൂടുതല്‍ പഠിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ വിവാഹം ഇതിനൊരു തടസ്സമോ, അമ്മയാവുന്നത് ഇതിന് ബുദ്ധിമുട്ടോ ആകാതിരിക്കാന്‍ സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കും. സമിതി ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും.
https://www.facebook.com/Malayalivartha