വധശിക്ഷ നടപ്പാക്കണം; നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത ഉത്തരവിനെതിരായി ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി
നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത ഉത്തരവിനെതിരായി ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. തിഹാര്‍ ജയില്‍ അധികൃതരാണ് മരണ വാറന്‍ഡ് സ്റ്റേ ചെയ്ത പട്യാല ഹൗസ് കോടതി വിധിക്കെതിരേ ഡല്‍ഹി ഹൈക്കോടതിയിൽ ഹർജി നൽകിയത്. സ്റ്റേ ഒഴിവാക്കണമെന്നും വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിടണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഇന്ന് തന്നെ പരിഗണിച്ചേക്കും.
ഇന്ന് പ്രതികളുടെ ശിക്ഷ നടപ്പാക്കാന്‍ നേരത്തെ വിചാരണ കോടതി മരണവാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച മരണവാറന്ഡിന് വിചാരണ കോടതി തന്നെ സ്റ്റേ അനുവദിക്കുകയും ചെയ്തു. പ്രതികള്‍ക്ക് എല്ലാ നിയമവഴിയും ഉപയോഗിക്കാന്‍ അവസരം നല്‍കുന്നതിന് വേണ്ടിയായിരുന്നു കോടതിയുടെ ഇടപെടലുണ്ടായത്.
കേസിലെ ഒരു പ്രതിയുടെ ദയാഹര്‍ജി രാഷ്ട്രപതി ഇന്നാണ് തള്ളിയത്. ദയാഹര്‍ജി തള്ളിയ ശേഷം നോട്ടീസ് നല്കി 14 ദിവസം കഴിഞ്ഞാണ് ശിക്ഷ നടപ്പാക്കാറുള്ളത്. അതേസമയം വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളില്‍ അക്ഷയ് സിങ് രാഷ്ട്രപതിക്ക് ദയാഹരജി നല്കി. ശനിയാഴ്ചയാണ് ദയാഹരജി സമര്‍പ്പിച്ചതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. അക്ഷയ് സിങ് വധശിക്ഷക്കെതിരെ സമര്‍പ്പിച്ച തിരുത്തല്‍ ഹരജി സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു.
https://www.facebook.com/Malayalivartha