'സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ കാണാനാകില്ല'; സൈന്യത്തിലെ അധികാര സ്ഥാനങ്ങളിൽ സ്ത്രീകൾ അനുയോജ്യരായേക്കില്ലെന്നും അവരെ പുരുഷ കീഴുദ്യോഗസ്ഥർ ഇതുവരെ അംഗീകരിക്കാൻ തയ്യാറായിട്ടില്ലെന്നും സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സർക്കാർ

സൈന്യത്തിലെ അധികാര സ്ഥാനങ്ങളിൽ സ്ത്രീകൾ അനുയോജ്യരായേക്കില്ലെന്നും അവരെ പുരുഷ കീഴുദ്യോഗസ്ഥർ ഇതുവരെ അംഗീകരിക്കാൻ തയ്യാറായിട്ടില്ലെന്നും സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സർക്കാർ. സ്ഥിര കമ്മീഷൻ ലഭിച്ച ശേഷവും അധികാര സ്ഥാനങ്ങളിൽ അവസരം ലഭിക്കാത്തതിനെ ചൊല്ലി സ്ത്രീ സൈനികർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിശദീകരണം നൽകുകയായിരുന്നു കേന്ദ്ര സർക്കാർ.
ഗ്രാമീണ സാഹചര്യങ്ങളിൽ നിന്നും വരുന്ന, നിലനിൽക്കുന്ന സാമൂഹിക വ്യവസ്ഥിതിയോട് യോജിച്ചുകൊണ്ട് സേനയിലെടുത്ത പുരുഷ സൈനികർ, സ്ത്രീ ഉദ്യോഗസ്ഥർ തങ്ങളെ മേലധികാരികളായി വരുന്നത് അംഗീകരിക്കില്ല. അവർ ഇതിന് തക്കവണ്ണമുളള മാനസിക പരിശീലനം നേടിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സൈനിക പോസ്റ്റിംഗുകളുടെ കാര്യത്തിൽ സ്ത്രീ ഉദ്യോഗസ്ഥരെയും പുരുഷ ഉദ്യോഗസ്ഥരെയും ഒരുപോലെ പരിഗണിക്കാൻ സാധിക്കുകയില്ലെന്നും അവരുടെ ശാരീരിക പ്രത്യേകതകളും വ്യക്തീകരണ സാഹചര്യങ്ങളും അതിന് തടസം നിൽക്കുന്നുവെന്നും കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ചുകൊണ്ട് അഭിഭാഷകർ ആർ.ബാലസുബ്രഹ്മണ്യവും നീല ഗോഖലെയും കോടതിയിൽ വാദിച്ചു. പോരാട്ട സാഹചര്യങ്ങളിൽ സ്ത്രീ ഉദ്യോഗസ്ഥർക്കുള്ള പ്രതിബന്ധങ്ങളെക്കുറിച്ചും ഇരുവരും കോടതിയിൽ സംസാരിച്ചു.
സ്ത്രീ ഉദ്യോഗസ്ഥരെ ഇത്തരം പോസ്റ്റുകളിൽ നിയമിക്കുന്നത് സൈന്യത്തിലെ കരുത്തിനെ സാരമായി ബാധിക്കുമെന്നും അഭിഭാഷകർ കോടതിയോട് പറഞ്ഞു. സാധാരണ ഉദ്യോഗങ്ങളിലേത് പോലെയല്ല സൈനികരുടെ പ്രവർത്തനമെന്നും ആ ജോലിക്ക് സമയപരിധികൾ ഇല്ലെന്നും അതുകൊണ്ടുതന്നെ നിരന്തരം വരുന്ന സ്ഥലംമാറ്റംങ്ങളും പോസ്റ്റിംഗുകളും സ്ത്രീ ഓഫീസർമാരെയും അവരുടെ കുട്ടികളുടെ പഠനത്തെയും മറ്റും കാര്യമായി ബാധിക്കുമെന്നും അഭിഭാഷകർ പറഞ്ഞു.മാത്രമല്ല, കഠിനമായ പോരാട്ട സാഹചര്യങ്ങൾ സ്ത്രീ ഉദ്യോഗസ്ഥരുടെ ശാരീരിക ക്ഷമതയ്ക്ക് അനുയോജ്യമല്ലെന്നും 14 വർഷത്തെ സർവീസുള്ളവർക്ക് സ്ഥിര കമ്മീഷൻ അനുവദിക്കാമെങ്കിലും സൈന്യത്തിൽ ഉയർന്ന അധികാരങ്ങൾ നൽകുന്നത് അനുയോജ്യമാകില്ലെന്നും ഇവർ കോടതിയിൽ വാദിച്ചു. എന്നാൽ പോരാട്ട വീര്യം പ്രകടമാക്കേണ്ട സാഹചര്യങ്ങളിൽ സ്ത്രീ ഉദ്യോഗസ്ഥർ അത് ചെയ്തിട്ടുണ്ടെന്ന് കേന്ദ്രത്തിന്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് സ്ത്രീ ഉദ്യോഗസ്ഥർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ മീനാക്ഷി ലേഖിയും ഐശ്വര്യ ഭട്ടിയും സുപ്രീം കോടതിയിൽ പറഞ്ഞു.
https://www.facebook.com/Malayalivartha