ലോക്‌സഭയില്‍ രമ്യ ഹരിദാസും ബി.ജെ.പി എം.പിയും തമ്മില്‍ കയ്യാങ്കളി; ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടും ബഹളം വച്ചാല്‍ അംഗങ്ങളെ സസ്‌പെന്റു ചെയ്യുമെന്ന് സ്പീക്കർ

ലോക്‌സഭയില്‍ കോൺഗ്രസ്സ് എം.പി രമ്യ ഹരിദാസും ബി.ജെ.പി എം.പിയും തമ്മില്‍ കയ്യാങ്കളി. ഇന്നലെ പ്രതിഷേധത്തിനിടെ രമ്യയെ നാല് ബി.ജെ.പി വനിതാ അംഗങ്ങള്‍ തടഞ്ഞുവെന്നും ഒരംഗം മര്‍ദ്ദിച്ചുവെന്നും രമ്യ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു.
പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നതിനിടെ ഒരു ബില്‍ അവതരിപ്പിക്കാന്‍ സ്പീക്കര്‍ ശ്രമിച്ചത് പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുകയായിരുന്നു. സ്പീക്കറുടെ വിലക്ക് ലംഘിച്ച് പ്രതിപക്ഷ കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ഭരണപക്ഷത്തിന്റെ ഭാഗത്തേക്ക് നീങ്ങി. ഇദ്ദേഹത്തെ തടയാന്‍ സ്മൃതി ഇറാനി അടക്കമുള്ള ബി.ജെ.പി അംഗങ്ങളും നടുത്തളത്തിലേക്ക് വന്നു. ഇതോടെ പ്രതിപക്ഷം ഒന്നടങ്കം ഭരണപക്ഷ ഭാഗത്തേക്ക് നീങ്ങൂകയും പിന്നീട് സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് രമ്യയും ബി.ജെ.പി അംഗവും തമ്മില്‍ കയ്യാങ്കളിയുണ്ടായത്.
അതേസമയം ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ലോക്‌സഭയില്‍ ഹോളിക്ക് ശേഷം നടത്താമെന്ന് സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കി. ചര്‍ച്ച ആവശ്യപ്പെട്ട പ്രതിപക്ഷ ബഹളം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സ്പീക്കറുടെ അറിയിപ്പ്. സ്പീക്കറുടെ തീരുമാനം അംഗീകരിക്കുമെന്ന് എല്ലാ അംഗങ്ങളും വ്യക്തമാക്കിയതാണ്. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്. ഹോളിക്കു ശേഷം ഈ മാസം 11ന് ചര്‍ച്ച നടത്താം. നിലവിലെ സ്ഥിതി ചര്‍ച്ചയ്ക്ക് അനുയോജ്യമല്ലെന്നും ജനം സൗഹാര്‍ദ്ദത്തോടെ ഹോളി ആഘോഷിക്കട്ടെയെന്നും സ്പീക്കര്‍ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ 48 പേരാണ് കൊല്ലപ്പെട്ടത്. ഇക്കാര്യത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍തുടക്കം മുതല്‍ പ്രതിപക്ഷം ബഹളം വയ്ക്കുകയാണ്. ബഹളം ശക്തമായതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
സഭയില്‍ മുദ്രാവാക്യം വിളിച്ച അംഗങ്ങള്‍ക്ക് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടും ബഹളം വച്ചാല്‍ അംഗങ്ങളെ സസ്‌പെന്റു ചെയ്യുമെന്ന് സ്പീക്കർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha