ഏഴുവര്‍ഷം മുമ്പ് 'മരിച്ച' ഭാര്യയെ, ഭര്‍ത്താവ് കാമുകനൊപ്പം പിടികൂടി!

ഒഡീഷാ സംസ്ഥാനത്തെ ചൗലിയ ഗ്രാമത്തിലെ അഭയ സൂത്തര്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിമാനത്തോടെ നാട്ടുകാര്‍ക്ക് മുന്നില്‍നിന്നു. ഭാര്യയെ കൊലപ്പെടുത്തിയ ക്രൂരനെന്ന പേരുമായി വര്‍ഷങ്ങളായി ജീവിച്ച അഭയ സൂത്തര്‍, സ്വന്തമായി നടത്തിയ അന്വേഷണത്തിലൂടെ തന്റെ നിരപരാധിത്വം തെളിയിച്ചു.
സാമഗോള ഗ്രാമത്തിലെ ഇത്തിശ്രീ മൊഹറാന എന്ന യുവതിയുമായി 2013 ഫെബ്രുവരി ഏഴിനായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോള്‍ ഇത്തിശ്രീയെ അഭയയുടെ വീട്ടില്‍ നിന്ന് കാണാതായി. അതോടെ അദ്ദേഹത്തിന്റെ കഷ്ടകാലവും ആരംഭിച്ചു.
ഭാര്യയെ കാണാതായ ദിവസം മുതല്‍ അഭയ സൂത്തര്‍ സ്വന്തംനിലയില്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അതെല്ലാം വിഫലമായതോടെ 2013 ഏപ്രില്‍് 20-ന് പാത്കുര പോലീസ് സ്‌റ്റേഷനില്‍ ഭാര്യയെ കാണാനില്ലെന്ന പരാതി നല്‍കി. പോലീസ് കേസെടുത്തെങ്കിലും കാര്യമായ അന്വേഷണമൊന്നും നടന്നില്ല.
ഇതിനിടെ, മകളെ അഭയ കൊലപ്പെടുത്തിയതാണെന്നും സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദിച്ചിരുന്നതായും പറഞ്ഞുകൊണ്ട് യുവതിയുടെ മാതാപിതാക്കള്‍ രംഗത്തെത്തി. ഇവര്‍ പരാതി നല്‍കി. മകളെ കൊലപ്പെടുത്തിയ അഭയ മൃതദേഹം എവിടെയോ ഉപേക്ഷിച്ചതാണെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. ഇതോടെ കാര്യങ്ങളുടെ ഗതിമാറി. പോലീസ് കൊലക്കുറ്റം ചുമത്തി അഭയ സൂത്തറിനെ അറസ്റ്റ് ചെയ്തു, ഏകദേശം ഒരുമാസത്തോളമാണ് അഭയ സൂത്തര്‍ ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ ജയിലില്‍ കഴിഞ്ഞത്. എന്നാല്‍ കൊല്ലപ്പെട്ടെന്ന് പറഞ്ഞ യുവതിയുടെ മൃതദേഹം കണ്ടെടുക്കാന്‍ കഴിയാതിരുന്നതോടെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചു. അന്നുമുതല്‍ അഭയ സൂത്തര്‍ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതാണ്.
ഓരോദിവസവും കാണാതായ ഭാര്യയെ തേടിയുള്ള അന്വേഷണത്തില്‍ മുഴുകി. സമൂഹത്തിന് മുന്നില്‍ താന്‍ നിരപരാധിയാണെന്ന് തെളിയിക്കണമെന്ന് മനസിലുറപ്പിച്ച അഭയ സൂത്തര്‍ പലയിടങ്ങളില്‍ നേരിട്ടുപോയി കാര്യങ്ങള്‍ തിരക്കി. ആ അന്വേഷണം ഏഴ് വര്‍ഷങ്ങള്‍ നീണ്ടു. ഒടുവില്‍ ദിവസങ്ങള്‍ക്ക് മുമ്പ് അഭയ സൂത്തര്‍ തന്റെ അന്വേഷണത്തില്‍ വിജയിച്ചു.
ഒഡീഷയിലെ പുരിയിലെ പിപിലി എന്ന സ്ഥലത്തുനിന്നും, മരിച്ചെന്ന് എല്ലാവരും വിശ്വസിച്ച തന്റെ ഭാര്യയെ അയാള്‍ കണ്ടെത്തി. രാജീവ് ലോച്ചന്‍ എന്നയാള്‍ക്കൊപ്പമാണ് അഭയ തന്റെ ഭാര്യയെ കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി ഇരുവരെയും പിടികൂടുകയും ചെയ്തു. കഴിഞ്ഞദിവസം ഇരുവരെയും കോടതിയില്‍ ഹാജരാക്കിയതോടെ 2013 -ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് അഭയ കുറ്റവിമുക്തനായി.
വിവാഹത്തിന് മുമ്പ് തന്നെ രാജീവുമായി അടുപ്പമുണ്ടായിരുന്നുവെന്നും എന്നാല്‍ ഈ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് അഭയ സൂത്തറുമായുള്ള വിവാഹം നടന്നതെന്നും കോടതിയെ അറിയിച്ച ഇത്തിശ്രീ വിവാഹശേഷവും രാജീവുമായുള്ള ബന്ധം തുടര്‍ന്നിരുന്നുവെന്നും വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷം താന്‍ ഒളിച്ചോടി പോകുകയായിരുന്നുവെന്നായിരുന്നു ഇത്തിശ്രീ കോടതിയില്‍ നല്‍കിയ മൊഴി. അവര്‍ ഒഡീഷയില്‍ നിന്നും ഗുജറാത്തിലേക്കാണ് പോയത്. ഏഴ് വര്‍ഷത്തോളം ഗുജറാത്തില്‍ താമസിച്ച ഇരുവരും അടുത്തിടെയാണ് ഒഡീഷയില്‍ തിരിച്ചെത്തിയത്. ഈ ബന്ധത്തില്‍ രണ്ട് മക്കളുമുണ്ട്.
ഇപ്പോള്‍ താന്‍ സന്തോഷവാനും സംതൃപ്തനുമാണെന്നായിരുന്നു അഭയ സൂത്തറിന്റെ പ്രതികരണം. പോലീസ് തന്റെ ഭാര്യയെ കണ്ടെത്താന്‍ ശ്രമിക്കാതിരുന്നപ്പോള്‍ നിരപരാധിത്വം തെളിയിക്കേണ്ടത് തന്റെ കടമയായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പോലീസിന്റെ അനാസ്ഥയ്‌ക്കെതിരെയും ഒരാളെ കള്ളക്കേസില്‍ പ്രതിയാക്കി പീഡിപ്പിച്ചതിനെതിരെയും ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് സാമൂഹികപ്രവര്‍ത്തകനായ പ്രതാപ് ചന്ദ്ര മൊഹന്ദി അറിയിച്ചു.
https://www.facebook.com/Malayalivartha