മുലപ്പാലിന്റെ മാധുര്യം നുണഞ്ഞ് തീരും മുൻപ് ആ ചുണ്ടിലേക്കെത്തിയത് എരിക്കിൻ പാൽ; തമിഴ്‌നാട്ടിലെ മധുരയില്‍ ഒരുമാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ വിഷം നല്‍കി കൊലപ്പെടുത്തി; കുട്ടി മരിച്ച ശേഷം മൃതദേഹം വീട്ടുമുറ്റത്തു തന്നെ കുഴിച്ചിട്ടു

കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ ഇന്ന് സാധാരണമായി മാറിയിരിക്കുകയാണ്. ഓരോ വിവാദവും ഉയരുമ്പോള്‍ മാത്രമാണ് സമൂഹത്തില്‍ അതേപ്പറ്റി ചര്‍ച്ചയുണ്ടാവുന്നത്. ഒരു പ്രശ്നം കഴിഞ്ഞു മറ്റൊന്നിലേക്ക് ശ്രദ്ധ മാറി കഴിഞ്ഞാല്‍ പിന്നെ അതിനെപ്പറ്റി ഉത്കണ്ഠയുമില്ല. ജനിക്കുവാൻ പോകുന്ന കുഞ്ഞിന്റെ ലിംഗ നിർണ്ണയം നടത്തി ഭ്രൂണം പെണ്ണാണെന്നറിഞ്ഞാൽ ഗർഭചിദ്രം നടത്തുന്ന ക്രൂര കൃത്യങ്ങൾ ഇന്നും നിലനിൽക്കുന്നു.
ഓരോ വാർത്തയും വളരെ ഞെട്ടലോടുകൂടിയാണ് കേൾക്കേണ്ടി വരുന്നത്. തമിഴ്‌നാട്ടിലെ മധുരയില്‍ ഒരുമാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ വിഷം നല്‍കി കൊലപ്പെടുത്തി എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മധുര പുല്ലനേരി ഗ്രാമത്തിലാണ് സംഭവം.
വൈര മുരുകന്‍ -സൗമ്യ ദമ്പതികളാണ് വെറും 30 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇരുവരുടെയും ആദ്യ കുട്ടി പെണ്‍കുഞ്ഞായിരുന്നു. രണ്ടാമതും പെണ്‍കുട്ടി ജനിച്ചതോടെ എരുക്കുമരത്തിന്റെ ഇല പറിക്കുമ്പോള്‍ ലഭിക്കുന്ന കറ നല്‍കിയാണ് കൊലപ്പെടുത്തിയത്. കുട്ടി മരിച്ച ശേഷം മൃതദേഹം വീട്ടുമുറ്റത്തു തന്നെ കുഴിച്ചിട്ടു.
മാര്‍ച്ച് രണ്ടാം തിയതി കുഞ്ഞിനെ കാണാനില്ലെന്ന വിവരം അയല്‍വാസികളുടെ ശ്രദ്ധപ്പെട്ടു. സംശയം തോന്നിയ ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കുഞ്ഞിന്റെ മൃതശരീരം കണ്ടെത്തുകയും മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുട്ടിയുടെ മുത്തച്ഛനെയും അറസ്റ്റ് ചെയ്തിട്ടുണ്ട് പെണ്‍ ശിശുഹത്യ തമിഴ്‌നാട്ടിന്റെ ഗ്രാമമേഖകളില്‍ നിന്ന് നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ധനികരുടെ ഇടയില്‍ സ്വത്ത് വീതം വെച്ചു പോകാതിരിക്കാനായി ജനിച്ച ഉടനെ പെണ്‍കുഞ്ഞുങ്ങളെ കൊന്നുകളയുന്ന പതിവുണ്ടായിരുന്നു.
ഇന്ത്യൻ സമൂഹങ്ങളിൽ ആൺകുട്ടികൾക്ക് നൽകുന്ന മുൻതൂക്കം, പെൺകുട്ടികളെ വിവാഹം കഴിക്കുന്ന അവസരത്തിൽ സ്ത്രീധനം നൽകുവാൻ നിർബന്ധിതമാകുന്ന സാഹചര്യം, പാരമ്പര്യ സ്വത്തുക്കൾ കൈവിട്ടുപോകുമോ എന്ന ഭയം, മരണാനന്തര ക്രിയകൾ ചെയ്യുവാൻ ആൺ സന്തതി വേണമെന്ന കാഴ്ചപ്പാട്, പാരമ്പര്യം നിലനിർത്താൻ ആൺകുട്ടി വേണമെന്ന സങ്കുചിതചിന്ത, പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുന്നത് സാമ്പത്തിക ബാദ്ധ്യത വരുത്തും, അവർക്ക് വിലപിടിപ്പുള്ള സ്വർണാഭരണങ്ങൾ വാങ്ങേണ്ടി വരും, സ്ത്രീകൾ ജോലിക്ക് പോകുന്നത് ശരിയല്ല, പെൺമക്കളെ കൊണ്ട് കുടുംബത്തിന് പ്രയോജനമില്ല, ആൺമക്കൾ സാമ്പത്തികം കൊണ്ടുവരും, പെൺകുട്ടികളെ ഒരു ഉപഭോഗ വസ്തുവായി കാണുക തുടങ്ങി ഒട്ടനവധി സാമൂഹിക കാരണങ്ങൾ കൊണ്ട് ഗർഭപാത്രത്തിൽ വച്ച് തന്നെ പെൺകുട്ടികളുടെ ജനനം ഒഴിവാക്കപ്പെടുന്നു. കാലങ്ങളായി സമൂഹം നിർമ്മിച്ചെടുത്ത ലിംഗ അസമത്വങ്ങളും പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിയും സ്‌ത്രീവിരുദ്ധതയും ഇതിന്റെ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നു. നിരക്ഷരത ഇതിനൊരു കാരണമല്ല. വിദ്യാഭ്യാസമുള്ള കുടുംബങ്ങളിലും പെൺഭ്രൂണഹത്യ നടന്നുവരുന്നുണ്ട്. ജനിക്കുവാൻ പോകുന്ന കുഞ്ഞിന്റെ ലിംഗ നിർണ്ണയം നടത്തി ഭ്രൂണം പെണ്ണാണെന്നറിഞ്ഞാൽ ഗർഭചിദ്രം നടത്തി ആൺകുട്ടിയുടെ ജനനം ഉറപ്പാക്കുന്നതിൽ വിദ്യാസമ്പന്നരായുള്ള ആളുകളും മുൻപന്തിയിലാണ്. കുടുംബാസൂത്രണം, സന്താനനിയന്ത്രണം, ദാരിദ്ര്യം എന്നിവ ഒരുവശത്ത് പെൺഭ്രൂണഹത്യക്ക് വളം വെക്കുന്നുണ്ട്.
https://www.facebook.com/Malayalivartha