വീരപ്പന്റെ ഭാര്യയുടെ അമൂല്യ കുടം എന്നപേരിൽ തട്ടിപ്പ്... വാങ്ങിയത് എട്ട് ലക്ഷം രൂപക്ക്.... ഒടുവിൽ വ്യാപാരിക്ക് കിട്ടിയത് എട്ടിന്റെ പണി

പലതരം തട്ടിപ്പുകൾ നാം കാണാറുണ്ട്. തട്ടിപ്പിനായി തട്ടിപ്പുവീരന്മാർ പ്രയോഗിക്കുന്ന തന്ത്രങ്ങളും അമ്പരപ്പിക്കുന്നതാണ്. സാക്ഷാൽ വീരപ്പന്റെ പേരിൽ നടന്ന തട്ടിപ്പിന്റെ വാർത്തയാണ് ഇപ്പോൾ മാധ്യങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. കുപ്രസിദ്ധ വനംകൊള്ളക്കാരൻ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിക്കു പാരമ്പര്യമായി ലഭിച്ച അമൂല്യമായ കുടം വൻതുകയ്ക്കു വിൽക്കാനുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ് . തട്ടിപ്പിലൂടെ വ്യാപാരിയിൽനിന്ന് എട്ടര ലക്ഷം രൂപ കൈക്കലാക്കിയതായാണ് പരാതി. അനുപ്പർപാളയത്തു കെട്ടിടനിർമാണ സാമഗ്രികൾ വാടകയ്ക്കു നൽകുന്ന രാജ്പ്രതാപ് ആണു സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണർക്കു പരാതി നൽകിയത്. വേലംപാളയം സ്വദേശി പരമേശ്വരൻ, ധനപാൽ എന്നിവർക്കെതിരെയാണു പരാതി.
പ്രമുഖ രാഷ്ട്രീയ കക്ഷിയിലെ നേതാവായ കുമാർനഗർ സ്വദേശി അറുമുഖത്തിനുവേണ്ടിയാണെന്നു പറഞ്ഞ് ഇവർ 2012ൽ രാജ്പ്രതാപിൽനിന്നു പണം ആവശ്യപ്പെടുകയായിരുന്നു . നൽകാൻ വിസമ്മതിച്ചപ്പോഴാണു വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയുടെ കൈവശമുള്ള പുരാവസ്തുവായ കുടം വിൽക്കാൻ സഹായിക്കണമെന്ന് ഇവർ രാജപ്രതാപിനോട് ആവശ്യപ്പെട്ടത്. കുടം വിറ്റാൽ ഒരു കോടിയോളം രൂപ ലഭിക്കുമെന്നും അതു ലഭിച്ചാൽ പണം ഇരട്ടിയായി തിരികെ നൽകാമെന്നും പറഞ്ഞിവർ വ്യാപാരിയിൽ നിന്നും എട്ട് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
പണം നൽകാമെന്നു പറഞ്ഞു വർഷങ്ങൾക്കുശേഷം തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ്‌ബുക്ക് എന്നിവയും രാജ്‌പ്രതാപിൽ നിന്നും വാങ്ങിയതായി പരാതിയിൽ പറയുന്നു. എന്നാൽ പണം തിരികെ ചോദിക്കുമ്പോഴെല്ലാം രാഷ്ട്രീയ ബന്ധം പറഞ്ഞു ഭീഷണിപ്പെടുത്തുകയായിരുന്നു . ഇക്കഴിഞ്ഞ ജനുവരിയിൽ പണം ചോദിച്ചപ്പോൾ റിസർവ് ബാങ്ക് ഗവർണർ, കേന്ദ്ര ധനമന്ത്രി എന്നിവർ ഒപ്പിട്ടതാണെന്നു പറഞ്ഞു വ്യാജ രേഖ കാണിച്ചു തെറ്റിദ്ധരിപ്പിച്ചതായും പരാതിയിൽ പറയുന്നു. കുടത്തിന്റെ മൂല്യം പല കോടികളായി വർധിച്ചതായി കാണിക്കുന്നതായിരുന്നു രേഖ. സമാനമായ രീതിയിൽ പ്രതികൾ മറ്റു പലരിൽനിന്നും പണം തട്ടിയെടുത്തെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha