അഹമ്മദ് പട്ടേലിന് സമൻസ് അയച്ച് ആദായ നികുതി വകുപ്പ്; സമൻസ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിന് വീണ്ടും സമൻസ് അയച്ച് ആദായനികുതി വകുപ്പ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് സമൻസ് നൽകിയത് . കോണ്‍ഗ്രസ് ട്രഷറര്‍ എന്ന നിലയില്‍ അഹമ്മദ് പട്ടേല്‍ നേരിട്ട് ഹാജരാകണമെന്നാണ് ആദായനികുതി വകുപ്പിന്റെ നിര്‍ദ്ദേശം.ഫെബ്രുവരിയിലും ഐ.ടി വകുപ്പ് പട്ടേലിന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ സുഖമില്ലാത്തതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം ആദായ നികുതി വകുപ്പിനെ അറിയിച്ചിരുന്നു.
മധ്യപ്രദേശിലും തെലങ്കാനയിലും ആന്ധ്രാപ്രദേശിലും നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്ത രേഖകള്‍ മുന്‍നിര്‍ത്തി പട്ടേലിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു . മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ വിശ്വസ്തരുടെ വസതികളടക്കം സംസ്ഥാനത്തെ 52 കേന്ദ്രങ്ങളിലാണ് ആദായ നികുതി വകുപ്പ് കഴിഞ്ഞ വര്‍ഷം റെയ്ഡുകള്‍ നടത്തിയത്. ഇവയില്‍ നിരവധി രേഖകളും തെളിവുകളും കണ്ടെത്തിയെന്ന് അധികൃതര്‍ അവകാശപ്പെടുകയും ചെയ്തിരുന്നു.
കമല്‍നാഥിന്റെ വിശ്വസ്തരുടെ വസതികളില്‍ നടത്തിയ റെയ്ഡുകളില്‍ 281 കോടിയുടെ ഹവാല ഇടപാടുകളുടെ വിവരങ്ങള്‍ ലഭിച്ചുവെന്നും അധികൃതർ പറഞ്ഞു . റെയ്ഡിനിടെ 14.6 കോടി രൂപ കണ്ടെടുക്കുകയും മധ്യപ്രദേശിലെയും ഡല്‍ഹിയിലെയും വ്യക്തികള്‍ തമ്മില്‍ നടത്തിയ ഇടപാടുകളുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട ഡയറികളും കമ്പ്യൂട്ടറുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























