ഡിഎംകെ ജനറല്‍ സെക്രട്ടറി അന്‍പഴകന്‍ അന്തരിച്ചു... വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ അപ്പോള ആശുപത്രിയിലായിരുന്നു അന്ത്യം

ഡിഎംകെ ജനറല്‍ സെക്രട്ടറി അന്‍പഴകന്‍ (97) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ അപ്പോള ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസം അന്‍പഴകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഒരു വര്‍ഷമായി അന്‍പഴകന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ല. മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ അടുത്ത സുഹൃത്തായിരുന്ന അന്‍പഴകന്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിസ്ഥാനം 43 വര്‍ഷമാണ് വഹിച്ചത്.
1977 മുതല്‍ ഒമ്പതുതവണ ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഒമ്പതു തവണ എംഎല്‍എയായ അദ്ദേഹം ഒരു തവണ പാര്‍ലമെന്റിലേക്ക് മത്സരിച്ച് ജയിച്ചു.ഡിഎംകെയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്ന അന്‍പഴകന്‍ തമിഴ്‌നാട് ധനമന്ത്രി, സാമൂഹിക സുരക്ഷാ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചെന്നൈ പച്ചയപ്പാസ് കോളജിലെ അധ്യാപകനായിരുന്ന അദ്ദേഹം പേരാസിരിയര്‍ (പ്രൊഫസര്‍) എന്നാണ് അറിയപ്പെട്ടിരുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹം ഔദ്യോഗിക ജീവിതത്തോട് വിടപറഞ്ഞു. അന്‍പഴകന്റെ വിയോഗത്തെത്തുടര്‍ന്ന് ഡിഎംകെ ഓഫീസുകളില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha