മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണയ നീക്കം; കമല്‍നാഥ് സര്‍ക്കാരുമായി ഇടഞ്ഞു നില്ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ബിജെപിയിലേക്കുള്ള സിന്ധ്യയുടെ കൂടുമാറ്റത്തെ പ്രധാനമന്ത്രി പിന്തുണച്ചതായി സൂചന

മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണയ നീക്കം. മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരുമായി ഇടഞ്ഞു നില്ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെത്തിയാണ് ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രിയെ കണ്ടത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അതോടൊപ്പം ജ്യോതിരാദിത്യ സിന്ധ്യയെ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ബിജെപിയിലേക്ക് ക്ഷണിച്ചു.
ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ കോണ്‍ഗ്രസ് നേതാക്കളോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി തന്നെ അവഗണിച്ചുവെന്നും ജ്യോതിരാതിത്യ സിന്ധ്യ പറഞ്ഞു. ബിജെപിയിലേക്കുള്ള സിന്ധ്യയുടെ കൂടുമാറ്റത്തെ പ്രധാനമന്ത്രി പിന്തുണച്ചതായാണ് സൂചന.
മധ്യപ്രദേശില്‍ നേരിയ ഭൂരിപക്ഷത്തിന് ഭരിക്കുന്ന കമല്‍നാഥ് സര്‍ക്കാരിന് തലവേദനയാകുകയാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ നീക്കം. ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന 18 എംഎല്‍എമാര്‍ അജ്ഞാതകേന്ദ്രത്തിലാണ്. ഇത് കമല്‍നാഥ് സര്‍ക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അന്തരിച്ച മാധവറാവു സിന്ധ്യയുടെ ജന്മദിനത്തിലാണ് 49 കാരനായ മകന്റെ രാഷ്ട്രീയ കരുനീക്കങ്ങള്‍ എന്നതും സംഭവത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. സിന്ധ്യയെ പ്രീണിപ്പിക്കുക ലക്ഷ്യമിട്ട് ശിവരാജ് സിങ് ചൗഹാന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ മാധവറാവു സിന്ധ്യയ്ക്ക് പുഷ്പാര്‍ച്ചന നടത്തി. മാധവറാവു സിന്ധ്യയെ അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങും ട്വീറ്റ് ചെയ്തു.
പരമശ്രേഷ്ഠനായ മാധവറാവു സിന്ധ്യയുടെ പ്രത്യയശാസ്ത്രപരമായ ഉന്നതി, രാഷ്ട്രീയ പാണ്ഡിത്യം, പരമമായ ധാര്‍മ്മികത, കോണ്‍ഗ്രസിനോടുള്ള പ്രതിബദ്ധത എന്നിവ ഇന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നാഴികക്കല്ലുകളാണ്, എല്ലായ്‌പ്പോഴും അങ്ങനെ തന്നെ ആയിരിക്കും എന്ന് ദിഗ് വിജയ് സിങ് ട്വീറ്റില്‍ കുറിച്ചു.
രാജ്യസഭ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കേ, ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ 18 എംഎല്‍എമാര്‍ ബംഗലൂരുവിലേക്ക് കടന്നതോടെയാണ് രാഷ്ട്രീയ പ്രതിസന്ധിക്ക് ശക്തി കൂടിയത്. പിസിസി അധ്യക്ഷസ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തനായ സിന്ധ്യ, രാജ്യസഭാ സീറ്റ് കൂടി ലക്ഷ്യമിട്ടാണ് വിമത നീക്കത്തിന് തുടക്കമിട്ടത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിനെ തുടര്‍ന്ന് ജ്യോതിരാദിത്യ സിന്ധ്യ, മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























