ജനങ്ങള്‍ പരിഭ്രാന്തരാകരുത്... രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്ത് കൊറോണ വൈറസ് (കോവിഡ് 19) പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായും ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസ് (കോവിഡ് 19) ബാധയുടെ പശ്ചാത്തലത്തില്‍ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ മന്ത്രാലയങ്ങളിലും സംസ്ഥാനങ്ങളിലും നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
അനിവാര്യമല്ലാത്ത വിദേശയാത്രകള്‍ ഒഴിവാക്കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. ഒപ്പം ജനങ്ങളും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന ആഘോഷ പരിപാടികള്‍ ഒഴിവാക്കി വൈറസ് പടരുന്നത് തടയാന്‍ നമുക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒപ്പം, കേന്ദ്ര സര്‍ക്കാര്‍ എല്ലാ വിസകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുകയും വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തതു വഴി വിദേശത്തുനിന്നുള്ള വൈറസ് സംക്രമണം ഒരു പരിധി വരെ നിയന്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യപിച്ചതിന് പിന്നാലെയാണ് വിസ, വിമാന സര്‍വീസ് തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കൈകൊണ്ടത്.
ഏപ്രില്‍ 15 വരെയുള്ള ഇന്ത്യയിലേയ്ക്കുള്ള എല്ലാ വിസകളുമാണ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. കൂടാതെ, നിരവധി വിമാന സര്‍വീസുകളും ഇന്ത്യ റദ്ദാക്കി. ഇറ്റലിയിലേക്ക് മാര്‍ച്ച് 25 വരെയും ദക്ഷിണ കൊറിയയിലേക്ക് മാര്‍ച്ച് 28 വരെയുമാണ് വിമാന സര്‍വിസ് റദ്ദാക്കിയത്.
എന്നാല്‍, കാര്‍ഗോ സര്‍വീസുകള്‍ക്ക് മുടക്കമില്ല. കൊറോണ വൈറസ് നിലവില്‍ 126 രാജ്യങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് കൊറോണ വൈറസ് ബാധയെ ആഗോള മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha