ആനക്കട്ടി ചെക്‌പോസ്റ്റില്‍ പിടിയിലായത് മാവോയിസ്റ്റ് ശോഭ; 12 വയസ്സു മുതല്‍ സജീവ പ്രവര്‍ത്തക

ആനക്കട്ടി ചെക്‌പോസ്റ്റില്‍ തമിഴ്‌നാട് പൊലീസ് ക്യൂ ബ്രാഞ്ച് പിടികൂടിയ മാവോയിസ്റ്റ് വനിത, ശ്രീമതി അല്ലെന്നതിന് സ്ഥിരീകരണമായി. സിപിഐ മാവോയിസ്റ്റ് പീപ്പിള്‍സ് ലിബറേഷന്‍ ഗറില ആര്‍മിയിലെ അണ്ടര്‍ ഗ്രൗണ്ട് കേഡര്‍, കര്‍ണാടക ശിവമൊഗ്ഗ സ്വദേശി ശോഭ (സവിത-33) ആണ് പിടിയിലായത്. ഇവര്‍ 12 വയസ്സു മുതല്‍ സജീവ പ്രവര്‍ത്തകയാണ്. ഇവരെ 26 വരെ കോയമ്പത്തൂര്‍ ജില്ലാ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു.
ശ്രീമതി ആണ് പിടിയിലായതെന്ന ധാരണയിലായിരുന്നു പൊലീസ്. ചോദ്യം ചെയ്യലിലാണു ശോഭയാണെന്നു യുവതി വെളിപ്പെടുത്തിയത്. ഒക്ടോബര്‍ 28-ന് അട്ടപ്പാടി മേലെ മഞ്ചിക്കണ്ടി വനത്തിലുണ്ടായ പൊലീസ് വെടിവയ്പ്പില്‍ കാലിനു പരുക്കേറ്റു വനാതിര്‍ത്തിയില്‍ ചികിത്സയിലായിരുന്നെന്ന് യുവതി പറഞ്ഞു. മഞ്ചിക്കണ്ടിയില്‍ വെടിയേറ്റു മരിച്ച അരവിന്ദന്റെ (ശ്രീനിവാസന്‍) ഭാര്യയാണ്.
ശിവമൊഗ്ഗ ജില്ലയില്‍ ഹൊസനഗര താലൂക്കിലെ മേല്‍സുങ്ക സ്വദേശിനിയായ ഇവരുടെ പേര് കര്‍ണാടക-തമിഴ്‌നാട് പൊലീസ് രേഖകളില്‍ പാര്‍വതി എന്ന മേല്‍സുങ്ക ശോഭ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കര്‍ണാടകത്തില്‍ ഇവരുടെ പേരില്‍ 6 കേസുകള്‍ ഉണ്ട്. മുന്‍പു കന്യാകുമാരിയുടെ സംഘത്തിലായിരുന്ന ശോഭ പിന്നീടു വിക്രംഗൗഡയുടെ ഗ്രൂപ്പിലായി. കബനി ദളത്തിലും 2013 മുതല്‍ അട്ടപ്പാടി വനത്തില്‍ ഭവാനി ദളത്തിലും പ്രവര്‍ത്തിച്ചതായി ശോഭ പറഞ്ഞു. ഇവരുടെ സംഘത്തിലെ അംഗമായ ശ്രീമതി നിലമ്പൂര്‍ വനമേഖലയിലുള്ളതായാണ് പൊലീസ് കരുതുന്നത്.
https://www.facebook.com/Malayalivartha