കാലുവാരിയ സിന്ധ്യയെ പൂട്ടാനുറച്ച് കമല്‍നാഥ്; മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെയും സംസ്ഥാന സര്‍ക്കാരിനെതിരേയും പ്രതിസന്ധിയിലാക്കി, ബിജെപിയിലേക്ക് ചേക്കേറിയതിനു തൊട്ടുപിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കുടുംബത്തിനും എതിരേ കേസെടുത്ത് കമല്‍നാഥ് സര്‍ക്കാര്‍; കുത്തിപ്പൊക്കിയ കേസുകളില്‍ ഞെട്ടി ബിജെപിയും

മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെയും സംസ്ഥാന സര്‍ക്കാരിനെതിരേയും പ്രതിസന്ധിയിലാക്കി, ബിജെപിയിലേക്ക് ചേക്കേറിയതിനു തൊട്ടുപിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കുടുംബത്തിനും എതിരേ കേസെടുത്ത് കമല്‍നാഥ് സര്‍ക്കാര്‍. കള്ളപ്രമാണമുണ്ടാക്കി വസ്തുതട്ടിപ്പ് നടത്തിയെന്ന പരാതിയിന്മേലാണ് ജോതിരാദിത്യ സിന്ധ്യക്കും കുടുംബത്തിനുമെതിരെ നിയമ നടപടി. മധ്യപ്രദേശ് സര്‍ക്കാറിന്റെ ഇക്‌ണോമിക്ക് ഒഫെന്‍സസ് വിംഗ് ആണ് പരാതിയില്‍ കേസിന്റെ അന്വേഷണം ആരംഭച്ചു. സുരേന്ദ്ര ശ്രീവാസ്തവ നല്‍കിയ പരാതിയില്‍ സിന്ധ്യക്കെതിരായ കേസ് അന്വേഷിക്കാനുള്ള ഉത്തരവ് നല്‍കിക്കഴിഞ്ഞെന്ന് ഇക്‌ണോമിക്ക് ഒഫന്‍സസ് വിംഗിലെ ഉദ്യോഗസ്ഥന്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
ശ്രീവാസ്തവ വ്യാഴാഴ്ച നല്‍കിയ പരാതിയില്‍, സിന്ധ്യയും കുടുംബവും മഹല്‍ഗാവില്‍ വ്യാജരേഖകള്‍ ചമച്ച് വസ്തു വിറ്റതായും, ആ ഭൂമി 2009ലെ രേഖകളിലുള്ളതിനെക്കാള്‍ 6,000 ചതുരശ്ര അടി ചെറുതാണെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇതിനെതിരെയുള്ള പരാതി 2014ല്‍ ലഭിച്ചെങ്കിലും കാര്യമായി അന്വേഷിക്കാതെ 2018ല്‍ കേസ് അവസാനിപ്പിച്ചു. വീണ്ടും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പുനരന്വേഷണം നടത്തുന്നതെന്നും ഇക്‌ണോമിക്ക് ഒഫെന്‍സസ് വിംഗ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, രാഷ്ട്രീയപകപോക്കലിന്റെ ഭാഗമാണ് കേസെന്ന് സിന്ധ്യയുടെ സന്തത സഹചാരിയായ പങ്കജ് ചതുര്‍വേദി ആരോപിച്ചു. 2014ല്‍ അന്വേഷിച്ച കേസ് ഇപ്പോള്‍ പുറത്തെടുത്തത് രാഷ്ട്രീയ പകപോക്കലാണ്. നിയമത്തിലും ഭരണഘടനയിലും വിശ്വാസം ഉള്ളതിനാല്‍ ഭയപ്പെടുന്നില്ല. ഈ പ്രവൃത്തിക്ക് ഉചിതമായ മറുപടി കമല്‍ നാഥിന് നല്‍കുമെന്നും ചതുര്‍വേദി വ്യക്തമാക്കി.
ചൊവ്വാഴ്ച രാവിലെയാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. പിന്നാലെ അദ്ദേഹത്തെ അനുകൂലിക്കുന്ന 22 എം.എ.എല്‍മാരും രാജിവെച്ചിരുന്നു. ഇതോടെയാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായത്. 230 അംഗ നിയമസഭയില്‍ നിലവില്‍ 228 എം.എല്‍.എമാരാണുള്ളത്. 22 എം.എല്‍.എമാര്‍ രാജിവെച്ചതോടെ നിലവില്‍ 206 ആണ് നിയമസഭയിലെ അംഗബലം. ഭൂരിപക്ഷം തെളിയിക്കാന്‍ 104 പേരുടെ പിന്തുണയാണ് കമല്‍നാഥ് സര്‍ക്കാരിന് വേണ്ടത്. എന്നാല്‍ വിമത എം.എല്‍.എമാര്‍ രാജിവെച്ചതോടെ കോണ്‍ഗ്രസിന്റെ അംഗബലം 92 ലേക്ക് ചുരുങ്ങി. അതേസമയം അട്ടിമറി നീക്കങ്ങളെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. കമല്‍നാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. പകരം 16ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ വിശ്വാസ വോട്ട് തേടാന്‍ തയ്യാറാകും. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് കമല്‍നാഥ് വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍ കേന്ദ്രമന്ത്രിയും നാലുതവണ എം.പി.യുമായ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിവിട്ടത് സംസ്ഥാനത്തും ദേശീയതലത്തിലും കോണ്‍ഗ്രസിന് ഉണ്ടാക്കിയിരിക്കുന്നത് വലിയ ക്ഷീണമാണ്. രാഹുല്‍ ഒഴിഞ്ഞശേഷം പാര്‍ട്ടി ദേശീയ അധ്യക്ഷപദവിയിലേക്കുവരെ പറഞ്ഞുകേട്ട പേരാണ് ഈ 'യുവനേതാവി'ന്റേത്. അച്ഛനും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മാധവറാവു സിന്ധ്യയുടെ 75-ാം ജന്മവാര്‍ഷികദിനത്തിലാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. മുത്തശ്ശി വിജയരാജെ സിന്ധ്യയും പിതൃസഹോദരിമാരായ രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയും യശോധര രാജെ സിന്ധ്യയും ദീര്‍ഘകാലം പ്രവര്‍ത്തിച്ച പാര്‍ട്ടിയിലേക്കാണ് ഒടുവില്‍ ജ്യോതിരാദിത്യ സിന്ധ്യയുമെത്തുന്നത്. ഭരണം വീഴ്ത്തുന്നതിനൊപ്പം കോണ്‍ഗ്രസും ഗ്വാളിയര്‍ രാജകുടുംബവും തമ്മിലുള്ള ബന്ധത്തിന്റെ വേരറുക്കാനായി എന്നത് ബി.ജെ.പി. രാഷ്ട്രീയത്തിനു നല്‍കുന്ന നേട്ടം ചെറുതല്ല
https://www.facebook.com/Malayalivartha